Friday, January 25, 2008

ദില്ലി വിശേഷങ്ങള്‍ - ട്രാവന്‍കൂര്‍ ഹൗസ്‌ (ചരിത്രം),

നഗരമധ്യത്തില്‍, കണ്ണായ സ്ഥലത്ത്‌, ഏഴര ഏക്കറോളം ഭൂമിയും അതില്‍ 20,000 ചതു.അടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഇരുനില മാളികയും. ഇതാണ്‌ കേരളാ സര്‍ക്കാറിന്റെ അധീനതയിലുള്ള ദില്ലിയിലെ മറ്റൊരു പ്രധാന 'വസ്തു'.


കേരളാ ഹൗസിനുള്ളതുപോലെ
തന്നെ വളരെ ചരിത്രപരമായ പ്രാധാന്യം ഈ ട്രാവന്‍കൂര്‍ ഹൗസിനുമുണ്ട്‌. ട്രാവന്‍കൂര്‍ ഹൗസ്‌ കേരളാ സര്‍ക്കാറിന്റെ പൂര്‍ണ്ണ അധികാരത്തില്‍ എത്തിയത്‌, കേരളാ ഹൗസ്‌, കേരളാ സര്‍ക്കാറിന്‌ കിട്ടിയതുപോലെ അത്ര എളുപ്പമായിരുന്നില്ല . ഒരുപാട്‌ വര്‍ഷത്തെ നിയമയുദ്ധവും ഒരു പാട്‌ പേരുടെ പരിശ്രമവും ഇതിന്റെ പിന്നിലുണ്ട്‌.

ആരു കണ്ടാലും ഒന്നു നോക്കി, അത്ഭുതം കൂറി, നിന്നു പോകും. അത്ര മനോഹരം. മഹാനഗരത്തില്‍ ഇത്രയും സ്ഥലവും സൗകര്യവുമുണ്ടായിട്ടും അത്‌ വേണ്ടവണ്ണം ഉപയോഗിക്കാതിരിക്കാന്‍ നമ്മുടെ സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കാണ്‌ സാധിക്കുക.

കാലഘട്ടം 1923. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ലാഹോറിലേക്ക്‌ തിരിച്ചുപോയ ജോലിക്കാരേയും കൂട്ടി സുയാന്‍ സിംഗും മകന്‍ ശോഭന്‍ സിംഗും കുടുംബത്തോടെ ദില്ലിയില്‍ തിരിച്ചെത്തി സ്ഥിരതാമസമാരംഭിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തുന്ന കാലഘട്ടത്തെക്കുറിച്ചൊക്കെ വിശദമായി കഴിഞ്ഞ ഭാഗത്തില്‍ വിവരിച്ചിരുന്നല്ലോ.

പട്ട്യാല മഹരാജാവിനു വേണ്ടി, സുയാന്‍ സിംഗിന്റെ മേല്‍നോട്ടത്തില്‍ ഈ ബംഗ്ലാവ്‌ പണികഴിച്ചപ്പോള്‍, ഇതൊരര്‍ദ്ധവൃത്താകൃതിയുള്ള കെട്ടിടമായിരുന്നു. ഇന്ത്യാ ഗേറ്റിനരികിലുള്ള പട്ട്യാലാ ഹൗസില്‍ താമസിച്ചിരുന്ന മഹാരാജാവ്‌ പലപ്പോഴും ദര്‍ബാര്‍ കൂടുന്നതിനും, ചില സന്ധ്യകളില്‍ വിനോദത്തിനുമായി(??) ഒരുക്കിവച്ചിരുന്ന സ്ഥലമായിരുന്നു ഈ ബംഗ്ലാവ്‌ എന്നാണ്‌ ചരിത്രം. മഹാരാജാവിന്റെ ഭടന്‍മാരും, കുതിരപ്പടയും മറ്റും താമസിച്ചിരുന്നത്‌ ഈ ബംഗ്ലാവിനോട്‌ ചേര്‍ന്ന് കിടക്കുന്ന കപൂര്‍ത്തല പ്ലോട്ട്‌ എന്ന സ്ഥലത്തായിരുന്നു.

മഹാരാജാവിന്റെ ഇഷ്ടക്കാരികളില്‍ പലരും ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു. അവരിലൊരുവള്‍ക്ക്‌ ഈ ബംഗ്ലാവ്‌, പിന്നീട്‌ ഇഷ്ടദാനമായി നല്‍കുകയും, അവര്‍ക്ക്‌ ഇവിടെ സ്ഥിരതാമസമാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ഇത്‌ വിറ്റ്‌ കിട്ടുന്ന പൈസയുമായി സ്വന്തം ജന്മദേശമായ ലഖ്നൗവിലേക്ക്‌ തിരിച്ചു പോകുന്നതിനെക്കുറിച്ചാലോചിക്കുകയുമുണ്ടായി.

ഈ വിവരം കൊച്ചിരാജാവിന്റെ ദിവാനായ ഷണ്മുഖം ചെട്ടിയാര്‍ വഴി, മഹാനഗരത്തില്‍ സ്വന്തമായി ഒരല്‍പം 'വസ്തു' വാങ്ങാനുള്ള മാസ്റ്റര്‍പ്ലാനും തയ്യാറാക്കിയിരിക്കുന്ന, തിരുവിതാംകൂര്‍ രാജാവറിയുകയും ചെയ്തു.അങ്ങിനെ, ചെട്ടിയാരുടെ ശ്രമഫലമായി, തിരുവിതാംകൂര്‍ മഹാരാജാവും ദില്ലിയില്‍ സ്വന്തമായി ഒരുപിടി മണ്ണും, ഒരു ബംഗ്ലാവും സ്വന്തമാക്കി. വാങ്ങിയ കാലഘട്ടവും, വിലയും വ്യക്തമായി അറിയില്ലെങ്കിലും, വളരെ നിസ്സാരവിലയ്ക്കായിരുന്നു എന്നതരമനരഹസ്യമല്ല. (ചെട്ടിയാരാരാ മോന്‍!!).

വാങ്ങിയതിനുശേഷം മലയാളിയുടെ ജന്മസ്വഭാവമായ മിനുക്കുപണി മഹാരാജാവും ചെയ്തു, മനോഹരമായ ഈ അര്‍ദ്ധവൃത്താകൃതിയിലുള്ള മാളിക മുഴുവനായും വൃത്താകൃതിയിലാക്കുകയും മുന്നില്‍, അധികാരഛിഹ്നമായ "തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന ആനയുള്ള" ഗേറ്റും പിടിപ്പിച്ച്‌ അതിമനോഹരമാക്കി. അതിനു ശേഷം ഈ ബംഗ്ലാവ്‌ 'ഹാത്തിവാലി കോട്ടി' എന്നപേരില്‍ പ്രചാരം നേടുകയും ചെയ്തു.

1939, രണ്ടാം ലോകമഹായുദ്ധാരംഭകാലം വരെ ഈ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും മേല്‍നോട്ടം മഹാരാജാവ്‌ നേരിട്ട്‌ നടത്തുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍, ഈ സ്ഥലവും കെട്ടിടവും, ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം യുദ്ധാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുകയുണ്ടായി. അവരാണ്‌, ഇപ്പോഴവിടെ അവശേഷിച്ചുകാണുന്ന, കേരളാ ഹൗസിലെയും, ട്രവണ്‍കൂര്‍ ഹൗസിലെയും ചില ജോലിക്കാര്‍ താമസിക്കുന്ന ബി ബ്ലോക്കും, എ ബ്ലോക്കും (ഇപ്പോഴില്ല) പണികഴിപ്പിച്ചത്‌. കൂടാതെ കപൂര്‍ത്തല പ്ലോട്ടില്‍ അവര്‍ പട്ടാളക്കാര്‍ക്ക്‌ താമസിക്കുന്നതിനായി 17 ബാരക്കുകളും 48 ഹട്ട്മെന്റുകളും നിര്‍മ്മിച്ചിരുന്നു. അവയുടെ 'അവശിഷ്ടങ്ങള്‍' ഇപ്പോഴും അവിടെ കാണാവുന്നണ്‌.

ഈ കെട്ടിടവും സ്ഥലവും ഇന്ന്, "ഹെരിറ്റേജ്‌ ബില്‍ഡിംഗ്‌ ആക്ടില്‍" (ലൂട്ടിയന്‍ ബംഗ്ലാവ്‌ മേഖല) പെടുന്ന സ്ഥലമായതുകൊണ്ട്‌, നഗരവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാത്രമേ ഇനിയൊരു കൂട്ടിച്ചേര്‍ക്കലോ, പുതുക്കിപ്പണിയലോ സധ്യമാകൂ. ഇപ്പോഴുള്ള കെട്ടിടങ്ങളുടെ ഉയരത്തിനും, വലുപ്പത്തിനും അധികമായി മാറ്റങ്ങളനുവദനീയമല്ലെന്നുള്ളതാണ്‌ ഈ നിയമം. എങ്കിലും ഈ സ്ഥലത്ത്‌ വാസഗൃഹങ്ങള്‍ (ഹോസ്റ്റല്‍, കോര്‍ട്ടേഴ്സുകള്‍) പണിയുന്നതിന്‌ നിയമപരമായി തടസ്സമില്ല. എന്നാല്‍, ഇതുവരെ ഈ അവസരവും പ്രയോജനകരമാംവിധം വിനിയോഗിക്കാന്‍ നമ്മുടെ മാറി മാറി വന്ന കേരള സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ലെന്നത്‌ സങ്കടകരം തന്നെ.

യുദ്ധാനന്തരം ഈ സ്ഥലം വിട്ടുകിട്ടുന്നതിലേക്ക്‌ തിരുവിതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചെങ്കിലും നിയപരമായ നടപടിക്രമങ്ങളില്‍ കുടുങ്ങി 1946-ലാണ്‌ തിരുവിതാംകൂര്‍ രാജാവിന്‌ തിരിച്ചു കിട്ടുന്നത്‌.

രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം 1948 മുതല്‍ 1965-ല്‍ ചാണക്യപുരിയില്‍ സ്വന്തമായി എംബസി മന്ദിരം അനുവദിച്ചുകിട്ടുന്നതുവരെ സോവിയറ്റ്‌ എംബസി ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. സ്വാതന്ത്രലബ്ദിക്കുശേഷം കപൂര്‍ത്തല പ്ലോട്ട്‌ കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലാവുകയും, ദില്ലി സെക്യൂരിറ്റി പോലീസിന്‌ നല്‍കുകയും ചെയ്യുകയുണ്ടായി.

ഡോ. കെ.എന്‍.എസ്‌ നായര്‍, ശ്രീ കെ.ആര്‍.കെ. മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ന്യൂഡല്‍ഹി കേരളാ എഡ്യുക്കേഷന്‍ സൊസൈറ്റിക്ക്‌' കേരളാ സ്കൂളാരംഭിക്കുന്നതിന്‌ വേണ്ടി, പലതരം സമ്മര്‍ദ്ദങ്ങളുടെ ഫലമായി ദില്ലി പോലീസിന്റെ കൈവശമുണ്ടായിരുന്ന തിരുവിതാംകൂര്‍ രാജാവിന്റെ സ്ഥലമായ കപൂര്‍ത്തല പ്ലോട്ടില്‍ നിന്നു രണ്ടേകാലേക്കറോളം സൊസൈറ്റിക്ക്‌ വിട്ടുകൊടുക്കാന്‍ ഉത്തരവായി. അങ്ങിനെ ദില്ലിയിലാദ്യമായി മലയാളികള്‍ക്ക്‌ അവരുടേതായ ഒരുസ്കൂള്‍ തുടങ്ങാന്‍ സാധിച്ചു. ഈ സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു നിര്‍വ്വഹിച്ചത്‌. അന്നത്തെ ആ ചെറിയ കാല്‍വയ്പ്പിന്റെ ഫലമായി, ഇന്ന് ദില്ലിയുടെ പലഭാഗത്തും കേരള സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.

1965-ല്‍ സോവിയറ്റ്‌ എംബസി ഹാത്തീവാലി കോട്ടി ഒഴിഞ്ഞു കൊടുത്തതിനുശേഷം ഒരല്‍പകാലം ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ദില്ലി ഹൈക്കോടതിക്കായിരുന്നു. ഹൈക്കോടതി പട്ട്യാല ഹൗസിലേക്ക്‌ മാറിയപ്പോള്‍ ഒരല്‍പകാലം ഈ കെട്ടിടം ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്നു.

നിരന്തരമായ സമ്മര്‍ദ്ദങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായി 1973-ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കേരളാ സര്‍ക്കാറിനു കൈമാറുകയുണ്ടായി. എങ്കിലും, 1992-ല്‍, അതുവരെ ഈ കെട്ടിടത്തില്‍ വാടകയ്ക്ക്‌ കഴിഞ്ഞിരുന്ന എം.ആര്‍.ടി.പി. കമ്മീഷനും ഒഴിഞ്ഞുപോയതിനു ശേഷമായിരുന്നു, ഈ കെട്ടിടം കേരളാ സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണാധികാരത്തില്‍ വരുന്നത്‌.

1994 മുതല്‍ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക്‌ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറും, പിന്നെ ഈ കെട്ടിടം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന കെല്‍ട്രോണ്‍ എംപ്ലോയീസുമല്ലാതെ മാറ്റാരും, മറ്റൊരോഫീസും ഇവിടെ ഇല്ലായിരുന്നു (കെല്‍ട്രോണിന്റെ, ഉപയോഗശൂന്യമായ പല പാഴ്‌വസ്തുക്കളും സൂക്ഷിക്കുന്ന ഒരു ഗോഡൗണായിട്ടാണവരിന്നും ഈ കെട്ടിടത്തെ കാണുന്നത്‌).

1999-ന്‌ ശേഷം പലരുടെയും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി സര്‍ക്കാറുതന്നെ മുന്‍കൈ എടുത്ത്‌ അവശ്യമായ അറ്റകുറ്റപണികള്‍ ചെയ്ത്‌ ഈ ബംഗ്ലാവിനെ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ നിന്നും രക്ഷിച്ചു ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്‌.

2005 മുതല്‍ അന്നത്തെ Add.Secretary(Retd.) ശ്രീ. എന്‍. ആര്‍. രാജുവിന്റെ നേതൃത്വത്തില്‍ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഉപയോഗശൂന്യമായികിടന്നിരുന്ന സ്ഥലത്ത്‌ ഒരു ആര്‍ട്ട്ഗാലറി പ്രവത്തിപ്പിക്കുന്നതിന്റെയും, ആ സ്ഥലം എക്സ്ബിഷനാവശ്യങ്ങള്‍ക്കായി വാടകയ്ക്ക്‌ കൊടുക്കാനുള്ള പദ്ധതി തയ്യാറാക്കി. അതിനും പല തടസ്സങ്ങളും ആദ്യകാലങ്ങളിലുണ്ടായെങ്കിലും, ഇന്നത്‌ ദില്ലിയിലെ, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാര്‍ട്ട്ഗാലറിയായി അറിയപ്പെടുന്നു. 2008 ഏപ്രില്‍ വരെയുള്ള ബുക്കിംഗ്‌ 2007 മെയ്‌ മാസത്തില്‍ കഴിഞ്ഞിരുന്നു എന്ന് പറഞ്ഞാല്‍ ഇതിന്റെ ഇന്നുള്ള പ്രാധാന്യം മാന്യവായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുമെന്നെ കരുതട്ടെ. കൂടാതെ സ്പോണ്‍സര്‍ഷിപ്പിനത്തിലും വാടകയിനത്തിലും 25 ലക്ഷത്തോളം രൂപ ഇത്ര ചെറിയ കാലയളവില്‍ സമ്പാദിച്ച്കൊടുക്കാനും ഈ സംരഭത്തിനു കഴിഞ്ഞിരിക്കുന്നു എന്നുള്ളത്‌ അഭിനന്ദനാര്‍ഹമാണ്‌. എങ്കിലും മേലാളന്മാരുടെ കണ്ണുതുറന്നിട്ടില്ല. ഈ പൈസപോലും അവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിക്കുല്ലെന്നുള്ളതാണ്‌ പരമാര്‍ത്ഥം.

കപൂര്‍ത്തല പ്ലോട്ടിന്റെ, കേരളാ സ്കൂളിന്‌ വേണ്ടി ദില്ലി സെക്യൂരിറ്റി പോലീസിന്റെ കൈയ്യില്‍ നിന്നും വിട്ടുകിട്ടിയതില്‍, ബാക്കി സ്ഥലവും കൂടി വിട്ടുകിട്ടുന്നതിന്‌ വേണ്ടി സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ദില്ലി പോലീസ്‌ ഈ സ്ഥലത്ത്‌ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ല എന്നും 1993നു മുന്‍പ്‌ ഈ സ്ഥലം കേരളാ സര്‍ക്കാറിന്‌ വിട്ടുകൊടുക്കണമെന്നുമുള്ള ഉത്തരവ്‌ (1990-ല്‍) സമ്പാദിക്കാന്‍ കഴിഞ്ഞു. ഈ നിര്‍ണ്ണായകവിധി പ്രകാരം 1993 മെയ്‌ മാസത്തില്‍ ദില്ലിപോലീസ്‌ ഈ സ്ഥലവും അതിനകത്തുണ്ടായിരുന്ന മരങ്ങളും (ഏകദേശം 100-ഓളം) ദില്ലി ലാന്‍ഡ്‌ ഡവലപ്പ്മെന്റ്‌ കമ്മീഷണര്‍ മുഖാന്തിരം, ബ്രിട്ടീഷുകാര്‍ യുദ്ധാവശ്യങ്ങള്‍ക്കായി പണിത ബാരക്കുകള്‍ക്ക്‌ കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പ്‌ നിശ്ചയിക്കുന്ന വിലനല്‍കണമെന്നും, ഈ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന മരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്നും, ലാന്‍ഡ്‌ & ഡവലപ്പ്മെന്റ്‌ കമ്മീഷണറുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ മരങ്ങള്‍ മുറിക്കരുതെന്നും വ്യവസ്ഥ ചെയ്തുകൊണ്ട്‌ റസിഡന്റ്‌ കമ്മീഷണര്‍ക്ക്‌ കൈമാറുകയും ചെയ്തു.

15 comments:

സുഗതരാജ് പലേരി said...

നഗരമധ്യത്തില്‍, കണ്ണായ സ്ഥലത്ത്‌, ഏഴര ഏക്കറോളം ഭൂമിയും അതില്‍ 20,000 ചതു.അടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഇരുനില മാളികയും. ഇതാണ്‌ കേരളാ സര്‍ക്കാറിന്റെ അധീനതയിലുള്ള ദില്ലിയിലെ മറ്റൊരു പ്രധാന 'വസ്തു' "ട്രാവന്‍കൂര്‍ ഹൗസ്‌ ".

ആരു കണ്ടാലും ഒന്നു നോക്കി, അത്ഭുതം കൂറി, നിന്നു പോകും. അത്ര മനോഹരം. മഹാനഗരത്തില്‍ ഇത്രയും സ്ഥലവും സൗകര്യവുമുണ്ടായിട്ടും അത്‌ വേണ്ടവണ്ണം ഉപയോഗിക്കാതിരിക്കാന്‍ നമ്മുടെ സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കാണ്‌ സാധിക്കുക.

ഹരിത് said...

ഈ സ്ഥലം ദാദ്രാ , നാഗര്‍ ഹവേലിക്കു കൊടുത്തിരുന്നെങ്കില്‍ അവര്‍ അതു പൊന്നു പോലെ നോക്കി നടത്തുമായിരുന്നു.

സൂരജ് said...

രണ്ട് ലേഖനങ്ങളും തുടര്‍ച്ചയായി വായിച്ചു. മികച്ച റിസേര്‍ച്ച്. സ്വച്ഛമായ ഭാഷ.
ഇതിന്റെ ഒന്നുരണ്ടു ഫോട്ടോകള്‍ ലേഖനത്തിനിടയ്ക്കു ചേര്‍ത്തിരുന്നെങ്കില്‍ എന്നും തോന്നി.
:)

വേണു venu said...

സുഗതരാജ്,
ഒന്നാംതരം ലേഖനം. സമയവും മനസ്സും ശരിക്കും ഉപയോഗിച്ചിരിക്കുന്നു. പുതിയ അറിവുകള്‍ക്ക് നന്ദി. സൂരജ് പറഞ്ഞതു പോലെ ഒന്നു രണ്ട് ചിത്രങ്ങളും ആകാമായിരുന്നു.:)

കണ്ണൂരാന്‍ - KANNURAN said...

നല്ല ലേഖനം, അറിയാതിരുന്ന പലതും അറിയച്ചതിനു നന്ദി. 2 ലേഖനങ്ങളും വായിച്ചു. കേരളാ ഹൌസില്‍ 1990കളില്‍ കഞ്ഞി കുടിക്കാന്‍ പോകാറുണ്ടായിരുന്നു :) സുരേഷ് ഗോപിയുടെ കാശ്മീരം എന്ന സിനിമയുടെ കുറെ ഭാഗങ്ങള്‍ ട്രാവന്‍‌കൂറ് ഹൌസില്‍ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

കുട്ടന്‍മേനൊന്‍ said...

ഒന്നാന്തരം ലേഖനം. ട്രാവങ്കൂര്‍ ഹൌസിന്റെ ചരിത്രത്തോടൊപ്പം ഒന്നുരണ്ടു പടങ്ങളും ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന ഭൂരിപക്ഷാഭിപ്രായത്തെ ഞാനും പിന്താങ്ങുന്നു.

കൃഷ്‌ | krish said...

ട്രാവന്‍‌കൂര്‍ ഹൌസ് ചരിത്രം വിജ്ഞാനപ്രദം തന്നെ.

ഈ സ്ഥലം വേറെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിനു കിട്ടിയെങ്കീല്‍ അവര്‍ ഇത് വളരെ മനോഹരമായി ഉപയോഗപ്പെടുത്തുമായിരുന്നു.

തറവാടി said...

നല്ലവിവരണം ഫോട്ടോകൂടി ഉണ്ടായിരുന്നെങ്കില്‍.........:)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

നന്നായി റിസര്‍ച്ച് ചെയ്യ്ത് എഴുതിയതിനാല്‍ ലേഘനം വളരെ നന്നായിരിക്കുന്നു. തിരക്കിനിടയിലും ഇതുപോലെ അറിവുപകരുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തിയതില്‍ സന്തോഷം

പ്രയാസി said...

വിവരണത്തിനു നന്ദി..:)

ശ്രീ said...

ഈ വിശദമായ ലേഖനവും നന്നായി, മാഷേ...
:)

ചിത്രങ്ങള്‍‌ കൂടി കൊടുക്കാനായാല്‍‌ കൂടുതല്‍‌ നന്നായിരിയ്ക്കും.

മഴത്തുള്ളി said...

സുഗതരാജ്,

വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു ട്രാവന്‍‌കൂര്‍ ഹൌസ് വിശേഷങ്ങള്‍. മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ വിശദമായ ഇത്തരം ലേഖനങ്ങള്‍ തയ്യാറാക്കാനായി കേരളാഹൌസിലും മറ്റും പലപ്പോഴും പോയി പലരേയും കണ്ട് ആവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കിയതും അത് വളരെ ഹൃദ്യമായ ഭാഷയില്‍ പ്രസിദ്ധീകരിച്ചതും എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.

ശരിയാണ്. മനോഹരമായ ഈ കെട്ടിടം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. കേരളാഹൌസിന്റെ കാര്യം പോലെ തന്നെ ഇതും.

അപ്പു said...

സുഗതരാജ്, രണ്ടു ലേഖനങ്ങളും ഒന്നിച്ചാണുവായിച്ചത്. വളരെ വളരെ നന്നായിട്ടുണ്ട് എന്ന് സന്തോഷത്തോടെ പറയട്ടെ. അഭിനന്ദനങ്ങള്‍!

Anonymous said...

test

YATHI ANGELS said...

Wonderful iformation. My great wonder is that when did you start exploring history.