ഒന്നാം സ്വാതന്ത്രസമരത്തിന് ശേഷം, വിശാലമായ ഇന്ത്യാരാജ്യത്തിന്‍റെ വടക്കു കിഴക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കത്ത തലസ്ഥാനമായിരിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നെന്ന് കണ്ട്, രാജ്യത്തിന്‍റെ മധ്യഭാഗത്തെവിടേക്കെങ്കിലും തലസ്ഥാനം മാറുന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍നടക്കുകയും, 12ആം നൂറ്റാണ്ട് മുതല്‍ മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ദില്ലിയിലേക്ക് ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.
ലോര്‍ഡ് ഹാര്‍ഡിഗ് വൈസ്രോയിയായിരുന്ന (1910-1916) കാലത്ത് 1911 ഡിസംബര്‍ 12ന്‍ എഡ്വേര്‍ഡ് ഏഴാമന്‍റെ കിരീടധാരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍നിന്നും ദില്ലിയിലേക്ക് മാറ്റുന്നതായി ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് പ്രഖ്യാപിച്ചു. ഇതിനേത്തുടര്‍ന്ന് ഒരു നഗരാസൂത്രണ സമിതി രൂപീകരിക്കപ്പെട്ടു.

നഗരനിര്‍മ്മാണത്തിന്‍റെ തലപ്പത്ത് സര്‍ എഡ്വിന്‍ അല്യൂട്ടിയെനെന്ന ബില്‍ഡിംഗ് നിര്‍മ്മാണ മേഖലയിലെ പ്രതിഭയെ നിയമിക്കുകയും, അദ്ദേഹത്തോട് ഒരു വിശദമായ പ്ലാന്‍ തയ്യാറാക്കാനവശ്യപ്പെടുകയും ചെയ്തു. കെട്ടിടങ്ങളുടെ ഡിസൈന്‍ തയ്യാറാക്കിയ സര്‍ ഹെബര്‍ട്ട് ബേക്കറുടെ സഹായത്തോടെ അവര്‍ ന്യൂ ഡല്‍ഹി എന്ന മഹാനഗരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാരംഭിച്ചു.
ഏകദേശം 20 വര്‍ഷത്തെ (1931ലാണിതിന്‍റെ മുഴുവന്‍ പണിയും കഴിഞ്ഞത്) അശ്രാന്തപരിശ്രമം കൊണ്ട്, രാഷ്ട്രപതിഭവനും, സെക്രട്ടറിയേറ്റും ഉള്‍പ്പെടെ 112ഓളം ബംഗ്ലാവുകളോടുകൂടിയ അതിമനോഹരമായ ന്യൂ ഡല്‍ഹിയെന്ന നഗരം പണികഴിപ്പിച്ചു.
പാക്കിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന ലാഹോറില്‍, ബ്രിട്ടീഷ് സര്‍ക്കാറിന് വേണ്ടി കരാര്‍പണികള്‍ (കെട്ടിട നിര്‍മ്മാണവും മറ്റും) ചെയ്തിരുന്ന ഒരു സര്‍ദാര്‍കുടുംബമായിരുന്നു സര്‍ദാര്‍ സുയാന്‍ സിംഗിന്‍റേത്. 1911ല്‍ ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ളതീരുമാനം സുയാന്‍ സിംഗും കുടുംബവും ദില്ലിയിലേക്ക് ചേക്കേറാന്‍ കാരണമായി. സിയാന്‍ സിഗും മകന്‍ ശോഭന്‍ സിഗും കുറെ സര്‍ദാര്‍മാരെയും മുസ്ളീമുകളെയും കൊണ്ടായിരുന്നു ദില്ലിയിലേക്ക് വന്നത് (പ്രശസ്ത സാഹിത്യകാരന്‍ ശ്രീ കുഷ്‌വന്ത് സിംഗിന്‍റെ അഛനാണ്, സുയാന്‍ സിംഗിന്‍റെ മകനും, സഹായിയുമായിരുന്ന ശോഭാസിംഗ്).
പണ്ട് കനോട്ട് സിറ്റി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കനോട്ട് സര്‍ക്കസിലുള്ള പഴയ കെട്ടിടങ്ങളും, റീഗല്‍ ബില്‍ഡിംഗും, ഇന്ത്യാ ഗേറ്റ്, സൌത്ത് ബ്ലോക്ക്, പട്യാല ഹൗസ്, ദില്ലി ഹൈക്കോടതി, നാഷണല്‍ മ്യൂസിയം, കരോള്‍ബാഗിലെയും, ലാജ്പത് നഗറിലെയും ചില കെട്ടിടങ്ങള്‍ തുടങ്ങി പല പ്രമുഖ കെട്ടിടങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സിയാന്‍ സിംഗും മകന്‍ ശോഭാ സിംഗും പങ്കാളികളായിരുന്നു.
പണിനടക്കുമ്പോള്‍ പോയിവരാനുള്ള സൌകര്യം കണക്കിലെടുത്ത് സുയാന്‍ സിംഗ് ജന്തര്‍ മന്ദിര്‍ റോഡിലുള്ള ഇപ്പോള്‍ കേരളാ ഹൗസ് നില്‍ക്കുന്ന സ്ഥലവും വീടും വാങ്ങുകയായിരുന്നു. ഇവരുടെ കൂടെ ജോലിക്കായിവന്നവര്‍ കനോട്പ്ലേസിലും, കര്‍സണ്‍ റോഡിലും സെക്രട്ടറിയേറ്റിനു ചുറ്റുമായി താമസിച്ചു.
നഗരത്തിന്‍റെ പണി ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഒന്നാം ലോകമഹായുദ്ധമാരംഭിക്കുന്നത്. അതോടെ ലാഹോറില്‍ നിന്നും അതു പോലെ മറ്റു പലയിടങ്ങളില്‍ നിന്നും കരാറുപണിക്കായി വന്നവരില്‍ ഭൂരിഭാഗംപേരും തിരിച്ചു അവരവരുടെ നാടുകളിലേക്ക് തന്നെ പോവുകയും താല്‍കാലികമായെങ്കിലും നഗരവിപുലീകരണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തു.
എന്നാല്‍ യുദ്ധാന്തരം കാലാവസ്ഥ ശാന്തമായപ്പോള്‍ അവരെല്ലാം തന്നെ തിരിച്ചുവരികയും പഴയകെട്ടിടങ്ങള്‍ പുതുക്കിപണിത് താമസമാരംഭിക്കുകയും ചെയ്തു.
അങ്ങിനെയാണ് 3, ജന്തര്‍ മന്ദിറിലുണ്ടായിരുന്ന തന്റെ വീടും പുതുക്കി പണിത് സുയാന്‍ സിഗും കുടുംബവും താമസമാരംഭിക്കുന്നത്. പുതുക്കിപ്പണിത ഈ വീടിന്റെ പേര്‍ "വൈകുണ്ഠ" എന്നായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം നാശമായികിടന്നിരുന്ന ന്യൂഡല്‍ഹി ഏരിയ പുതുക്കി എടുക്കുന്നതിന്റെ ഭാഗമായി, സുയാന്‍ സിംഗിന്റെ കൂടെ വന്ന ജോലിക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേക കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രഭു വെല്ലിംഗ്ടണ്‍ അനുവാദം കൊടുത്തു. അങ്ങിനെ സുയാന്‍ സിംഗും സംഘവും നിര്‍മ്മിച്ച പല കെട്ടിടങ്ങളും കൂടെ വന്നവര്‍ക്ക് താമസിക്കാന്‍ കൊടുക്കുകയും, ചിലത് സ്വന്തം കൈവശം വയ്ക്കുകയും ചെയ്തു. കരാര്‍ പണിയുടെ പുറമെയുണ്ടായ ഈ അധികചിലവ് മൂലം പണിയുടെകാര്യത്തില്‍ പണത്തിന് ക്ഷാമം വന്നപ്പോള്‍ ഉള്ളതില്‍ വച്ചേറ്റവും ചെറിയ കെട്ടിടമായ സ്വന്തം താമസസ്ഥലം "വൈകുണ്ഠ" വില്‍ക്കുന്നതിനെകുറിച്ച് സുയാന്‍ സിംഗ് മകന്‍ ശോഭാസിംഗുമായി സംസാരിച്ചു.
പണ്ടാര റോഡ്സൈഡിലൊരിടത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന കൊച്ചിരാജാവും, തിരുവിതാംകൂര്‍ രാജാവും ദില്ലിയില്‍ സ്വന്താമായി സ്ഥലം വാങ്ങാന്‍ ഒരുക്കംകൂട്ടുന്ന സമയമായിരുന്നു ഇത്. കൊച്ചി രാജാവിന്റെ ദിവാനായിരുന്ന ഷണ്മുഖം ചെട്ടി വൈകുണ്ഠ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ വിവരം രാജാവിനെ അറിയിക്കുകയും തുടര്‍ന്ന് ശോഭാസിംഗും സുയാന്‍ സിംഗുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പണത്തിന്റെ അത്യാവശ്യം കൊണ്ട് മൂന്നേക്കര്‍ ഭൂമിയും ആ വലിയ കെട്ടിടവും ഒന്നരലക്ഷം രൂപയ്ക്ക് സുയാന്‍ സിംഗ് കൊച്ചിരാജാവിന് കൈമാറുകയായിരുന്നു.
ഇതു പോലെ തന്നെ ഷണ്മുഖം ചെട്ടിയാരുടെ ഇടനിലയിലായിരുന്നു തിരുവിതാംകൂര്‍ രാജാവിന് കപൂര്‍ത്തല പ്ലോട്ടെന്നറിയപ്പെടുന്ന ഇന്നത്തെ 'ട്രവണ്‍കൂര്‍ ഹൗസും' അതിനോട് ചേര്‍ന്ന്കിടക്കുന്ന 12 ഏക്കറോളം വരുന്ന സ്ഥലവും വാങ്ങാന്‍ സാധിക്കുന്നത്. അതിനെ കുറിച്ച് മറ്റൊരു പോസ്റ്റിലെഴുതാം.
വൈകുണ്ഠ വാങ്ങിയതിന് ശേഷം ചെട്ടിയാരുടെ ഉപദേശപ്രകാരം കൊച്ചിരാജാവ് പുതിയ സ്ഥലത്തിന് അല്‍പം കൂടി പുതുക്കി ഒരു ചുറ്റുമതിലും ആനയുടെ എംബ്ലത്തോടുകൂടിയ ഗേറ്റും, ഭടന്മാര്‍ക്ക് താമസിക്കാന്‍ രണ്ടുനിര കെട്ടിടങ്ങളും ഒരു കുതിരാലയവും നിര്‍മ്മിച്ചു.
രാജഭരണത്തിനു ശേഷം, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട് പോയതിന് ശേഷം, ജനകീയ ഭരണമാരംഭിച്ചപ്പോള്‍, കൊച്ചി രാജാവ് വാങ്ങിയതോടെ വൈകുണ്ഠ എന്ന 3, ജന്തര്‍മന്ദിറില്‍ നിന്നും കൊച്ചിഭവനായി, പിന്നീട് കൊച്ചിന്‍ ഹൗസ് എന്നും ഇപ്പോള്‍ കേരളാ ഹൗസ് എന്നും അറിയപ്പെടുന്ന കെട്ടിടവും സ്ഥലവും, കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാറിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയായി പ്രഖ്യാപിക്കുകയും ചെയ്തു. കേരള ഹൗസിനിന്നുകാണുന്ന രൂപഭംഗി 2000ത്തിന് ശേഷം പണികഴിപ്പിച്ചാതാണ്.
മറ്റെല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കുമുള്ളതു പോലെ കേരളാ സര്‍ക്കാറിനുള്ള ഈ ഔദ്യോഗിക വസതി അതിന്റേതായ പ്രാധാന്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ഖേദകരമായ ഒരു വസ്തുതയാണ്. രാഷ്ട്രീയക്കാരുടെയും, ഉപജാപക സംഘങ്ങളുടെയും ഒരു ഗസ്റ്റ് ഹൗസ് എന്ന നിലയിലേക്ക് ഈ സര്‍ക്കാര്‍ മന്ദിരം തരം താണു പോകുന്നില്ലേ എന്ന ഒരു സംശയം ദില്ലി മലയാളികളുടെ മനസില്‍ വേദനജനിപ്പിക്കുന്നു.
=======================================================
കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ഇവിടെയും, ഇവിടെയും, ഇവിടെയും ലഭിക്കും.
ഈ കുറിപ്പ് തയ്യാറാക്കാനവശ്യമായ വിവരങ്ങള്‍ നല്കി സഹായിച്ച Mr A.R. Raju, Add.Secretary(Retd.) Travancore House, Mr Gopalan,Travancore House, കേരളാ ഹൗസിലെ ചില ജോലിക്കാര്‍ എന്നിവര്‍ക്കുള്ള എന്‍റെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
15 comments:
ദില്ലി മലയാളികളുടെ മനസ്സിലും കേരള- കേന്ദ്ര രാഷ്ടീയത്തിലും ഒരു പോലെ സ്ഥാനം പിടിച്ച, ഒരു പാട് സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും ഇടത്താവളമായ കേരളാ ഹൌസ്. പലകാലത്തായി പലതും കണ്ട് വളര്‍ന്ന, വളര്‍ച്ച മുരടിച്ച് കിടക്കുന്ന ഈ സര്‍ക്കാര്‍ മന്ദിരം വീണ്ടും പഴയ പ്രതാപവും പ്രൌഡിയും വീണ്ടെടുക്കട്ടെ എന്നാശംസിക്കുകയും അതോടൊപ്പം പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന ഒരു ദില്ലിമലയാളി.
സുഗതരാജ്,
വളരെക്കാലത്തിനു ശേഷമുള്ള തിരിച്ചുവരവിന് ആദ്യമായി ഒരു സ്വാഗതം അറിയിക്കട്ടെ. മാത്രമല്ല ഈ പോസ്റ്റ് എന്തുകൊണ്ടും അവസരോചിതവുമാണ്. ഈ പോസ്റ്റിലൂടെ ഇതുവരെ അറിയാത്ത ധാരാളം വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായി. കോണാട്ട് പ്ലേസിലും അതുപോലെ അടുത്തുള്ള പല പ്രദേശങ്ങളിലുമുള്ള പല കെട്ടിടങ്ങളുടേയും പിന്നിലുള്ള കഥകള്‍ പറഞ്ഞുതന്നതിന് അഭിനന്ദനങ്ങള്‍.
ഇനിയും ഇതുപോലെ നല്ല അറിവ് ലഭിക്കുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
സുഗതരാജ്,
പ്രസക്തിയുള്ള ഉത്കണ്ഠ.
പണിതീരാതെ അനാശാസ്യപ്രവര്‍ത്തകരുടെ കയ്യില്‍ കിടന്നിരുന്ന മുംബയിലെ കേരളാ ഹൌസ് ഈയടുത്ത കാലത്താണ് സര്‍ക്കാരേറ്റെടുത്തതും നല്ലരീതിയില്‍ ലോഡ്ജ്, ഹോട്ടെല്‍, ബാങ്ക്വെറ്റ് ഹാള്‍ തുടങിയ സ്സൌകര്യങളോടെ പ്രവര്‍ത്തനം ആരംഭിച്ചത്.
പക്ഷെ, സുഗതരാജ് ലേഖനത്തില്‍ പറയുന്ന ആ ഉത്കണ്ഠ ഇവിടെയും പ്രസക്തമാണ്, മലയാളികള്‍ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു!
പ്രിയപ്പെട്ട സുഗതരാജ് ,
വളരെ നല്ല പോസ്റ്റ് . കേരളാ ഹൌസിന്റെ ചരിത്രപശ്ചാത്തലം വിശദമാക്കുന്ന ഈ ലേഖനം എന്തു കൊണ്ടും വിജ്ഞാനപ്രദം തന്നെ ....
രാഷ്ട്രീയക്കാരുടെയും, ഉപജാപക സംഘങ്ങളുടെയും ഒരു ഗസ്റ്റ് ഹൗസ് എന്ന നിലയിലേക്ക് ഈ സര്‍ക്കാര്‍ മന്ദിരം തരം താണു പോകുന്നില്ലേ എന്നത് ഒരു സംശയം മാത്രമല്ല യാഥാര്‍ത്ഥ്യം തന്നെയാണെന്ന് പത്രങ്ങള്‍ വായിക്കുന്നവരും ടി.വി.കാണുന്നവരുമായ എല്ലാവര്‍ക്കും അറിയാം . രാഷ്ട്രീയക്കാരല്ലേ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ . മേലനങ്ങാതെ എന്തെല്ലാം സുഖസൌകര്യങ്ങളാണ് അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് . അതൊക്കെ വേണ്ടുവോളം ആസ്വദിച്ചും അനുഭവിച്ചും ആഘോഷിച്ചും ആടിത്തിമിര്‍ക്കുകയല്ലേ അവര്‍ ? തിരിച്ച് ജനങ്ങളോട് യാതൊരു അക്കൌണ്ടബിലിറ്റിയുടെയും ആവശ്യകത ഒട്ടില്ല താനും . ബ്രിട്ടീഷുകാര്‍ ഭാവനയോടെ പലതും ആസൂത്രണം ചെയ്തത് കൊണ്ട് ആധുനിക ഇന്ത്യക്ക് ഒരു അടിത്തറയുണ്ടായി അത്ര തന്നെ .
തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്ക് കാത്തിരിക്കുന്നു ,
ആശംസകളോടെ,
കേരളാ ഹൌസിന്റെ പൂര്‍വ്വചരിത്രം അറിയാന്‍ താങ്കളുടെ ഈ പോസ്റ്റ് സഹായിച്ചു. നന്ദി. ഇനിയും തുടരുമല്ലോ.
(രാഷ്ട്രീയക്കാര്‍ക്ക് മാത്രമായി ഇങ്ങനെയൊന്ന് എന്തിന്. ഇത് നാട്ടില്‍നിന്നും ഡെല്‍ഹിയില്‍ പല കാര്യങ്ങള്‍ക്കും വരുന്ന മലയാളികള്‍ക്ക് വേണ്ടി അധികമായി ഉപയോഗപ്പെടണം.)
ഒരു ചെറിയ കൂട്ടിച്ചേര്‍ക്കല്‍: പ്രശസ്ത സാഹിത്യകാരന്‍ ശ്രീ കുഷ്‌വന്ത് സിംഗിന്‍റെ അഛനാണ്, സുയാന്‍ സിംഗിന്‍റെ മകനും, സഹായിയുമായിരുന്ന ശോഭാസിംഗ്.
96 വയസില്‍ കൂടുതല്‍ പ്രായമുള്ള ഇദ്ദേഹം ഇന്നും വളരെ ഊര്‍ജ്ജസ്വലനായ സാഹിത്യകാരനാണ്. മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുള്‍ കലാം കുഷ്‌വന്ത് സിംഗിന് ജന്മദിനാശംസകള്‍ നേരാന്‍ സുയാന്‍ സിംഗ് പാര്‍ക്കിലുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിട്ടുണ്ടായിരുന്നു.
വന്നവര്‍ക്കും, വായിച്ചവര്‍ക്കും, അഭിപ്രായമെഴുതിയവര്‍ക്കും നന്ദി.
സമയ ലഭ്യതയ്ക്കനുസരിച്ച് ദില്ലിയെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍ എഴുതണമെന്ന് കരുതുന്നു.
സുഗതരാജ്, വിജ്ഞാനപ്രദമായ ലേഖനം...
നല്ല, അറിവു പകരുന്ന പോസ്റ്റ്.
:)
വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ബ്ളോഗിംഗിന്‍റെ കരുത്തു കൂട്ടുന്നു. സുഗതരാജ് ജി.. റിസേര്‍ച്ച് നടത്തി എഴുതിയ ഈ ലേഖനം തികച്ചും പ്രോത്സാഹജന്യം.
ഇനിയും വരട്ടെ ഇതുപോലുള്ള പോസ്റ്റുകള്‍.. ചരിത്രത്തിലേക്കൂളിയിടുന്ന സത്യത്തിന്‍റെ പ്രകാശരശ്മികള്‍
സുഗതരാജ് ജി...വിജ്ഞാനപ്രദമായ ലേഖനം....
അഭിനന്ദനങ്ങള്‍ ...
സുഗതരാജ്, വളരെ നല്ല എഴുത്ത്. ശക്തം.
ബൂലോകത്തോടുള്ള തികഞ്ഞ ആത്മാര്‍ത്ഥതയാണ് ഈ അറിവ് ശേഖരണത്തില്‍ സുഗതരാജ് പലേരി ഇത്രയും വിഞ്ജാനപ്രദമായ ഒരു ലേഖനം എഴുതിയത്. ചരിത്രത്തെ ഒത്തിരി താല്‍പര്യത്തോടെ വീക്ഷിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട വളരെ ചരിത്രപരവും രസകരവുമായ അറിവാണീ ലേഖനം. എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനം.
കൂടുതല്‍ അറിയപ്പെടാത്ത ഇതുപോലുള്ള ചരിത്രങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. പുതിയ പോസ്റ്റിട്ടാല്‍ ഒരു മെയില്‍ എന്റെ .... maliyekkal2@googlemail.com Please .
Have you any more interesting histories lilke this.
ഡല്‍ഹിയിലെ മാധ്യമ ലോകത്ത് എത്തിയിട്ട് 2 വര്‍ഷമാകുന്നു, കേരലാ ഹൌസിനെക്കുറിച്ചും, മറ്റും ഇത്തിരി അറിവുകള്‍ ലഭിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ ആധികാരികമായി , വക്തമായി ലഭിക്കുന്നതിതാദ്യം.. ആശംസകളോടെ മറ്റൊരു കണ്ണൂരുകാരന്‍
Please write more. Your language and content are awesome.
Post a Comment