Thursday, December 27, 2007

വിവാഹവാര്‍ഷികം: ഭാഗം-2

വീണ്ടുമൊരു വിവാഹവാര്‍ഷികമടുത്തുവരുന്നു.

കഴിഞ്ഞ വാര്‍ഷികത്തിനാശംസകളിറിയിച്ച എല്ലാവര്‍ക്കും നന്ദി. അന്നാശംസിക്കാന്‍ കഴിയാത്തവര്‍ക്ക് ആശംസിക്കാനിതാ ഒരു സുവര്‍ണ്ണാവസരം. മടിച്ചുനില്‍ക്കാതെ കടന്നു വരൂ.

ഈ വാര്‍ഷികം തനിച്ചാഘോഷിക്കണം.

ആരും ഒരു സര്‍പ്രൈസ് സമ്മാനവുമായി കാത്തിരിക്കില്ല. സര്‍പ്രൈസ് സമ്മാനം നേരിട്ട് കൊടുക്കാനും കഴിയില്ല.

പക്ഷെ അതിലും വലിയ സന്തോഷം, നാലുമാസത്തിനുള്ളില്‍ ഒരു സമ്മാനം വരും (സര്‍പ്രൈസല്ലെങ്കിലും, അവനോ/അവളോ ഒരു സര്‍പ്രൈസുതന്നെ). അതിനുള്ള കാത്തിരിപ്പിലാണ്.

Tuesday, March 27, 2007

തീവ്രവാദികള്‍

ആയുധം കൈയിലില്ലാതെ അടരാടുന്നതെങ്ങനെ എന്ന ചോദ്യം വളരെ പഴയതാണ്. ആയുധം കൈയിലുള്ളപ്പോള്‍ അടരാടാതെയെങ്ങിനെ എന്ന് അനുഭവം തിരുത്തിയെടുത്തിരിക്കുന്നു.

അമ്പും വില്ലും വാളും മാത്രം ഉണ്ടായിരുന്ന കാലത്തുനിന്ന് ഏറ്റവും എളുപ്പത്തില്‍ ഏറ്റവും കൂടുതല്‍ജീവികളെ കൊന്നൊടുക്കാടുക്കാനുള്ള വിദ്യവളര്‍ത്തിയെടുത്ത് അതിനെ ശാസ്ത്രപുരോഗതിയെന്ന് വിളിച്ച് നാണക്കേടു മറക്കുന്ന കൌശലക്കാരനാകാന്‍ മനുഷ്യനു മടിയില്ലാതായിരിക്കുന്നു. ശാസ്ത്രം നമ്മെ ചാകാതെ കിടക്കാന്‍ പല വിധത്തില്‍ സഹായിക്കുകയും എന്നിട്ട് കൂട്ടമായികൊല്ലുകയും ചെയ്യുന്നു.

സഹജാവയത്തില്‍ കവിഞ്ഞ ഒന്നിന്‍റെയും സഹായത്തോടെ മറ്റൊരു ജീവിയും ഭൂമുഖത്ത് ആത്മരക്ഷയും ഉപജീവനവും നടത്തുന്നില്ലെന്നിരിക്കേമനുഷ്യന്‍ മാത്രം ആ അതിക്രമം ചെയ്തു.

മനുഷ്യദു:ഖങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന സ്വപന സാക്ഷാല്‍കാരത്തിനായി ആയുധം കൈയിലേന്തിയവരാണ് പഴയകാലത്തുള്ളപലരും. എന്നാല്‍ ഇന്ന് ആയുധത്തിലുള്ള വിശ്വാസം ഒന്നു കൊണ്ട് മാത്രം തീവ്രവാദികളായവരാണധികവും. തീവ്രവാദികളില്‍ പലരുംസ്വപ്നസാക്ഷാല്‍ക്കാരത്തിനായല്ല, ഒരു സ്വപ്നത്തിന്‍റെ ചാരവുമായാണ് യാത്ര തുടങ്ങുന്നത്. മതത്തിനു വേണ്ടിയാണ് കൊല്ലുന്നതും മരിക്കുന്നതെന്നു കരുതുന്നവരുടെ മനസ്സില്‍ പോലും ഈ സ്വപ്നത്തിന്‍റെ ചാരമുണ്ട്.

ആധുനിക ആയുധങ്ങള്‍ ധാരാളമായി കിട്ടാനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് എതിര്‍പ്പിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പ്രതികാരത്തിന്‍റെയും രീതികളില്‍ ഇത്രയേറെ മാറ്റമുണ്ടായത്.

ഹിംസയും ഭയവും പകയും തമ്മിലുള്ള ബന്ധമാണ് ഇവിടെ പ്രസക്തമായ കാര്യം. കൊന്നും ജയിച്ചും മുന്നേറുന്ന മനുഷ്യന്‍ ഹിംസയുടെ വിജയം ആഘോഷിക്കുമ്പോള്‍ സ്വന്തം മുഖച്ഛായ മാറിപ്പോകുന്നതറിയുന്നില്ല. നന്മയുടെ നിലാവു പരക്കുന്നിടത്തേ സൌന്ദര്യമുള്ളൂ എന്നവന്‍ അറിയുന്നില്ല. നന്മയാകട്ടെ ധീരവും സ്വതന്ത്രവുമായ ആത്മാവിനു മാത്രം വിധിച്ചിരിക്കുന്നു.

ആയുധവും ക്രൂരതയും ഭീരുവിന്‍റെ അടയാളമാണ് എന്ന തിരിച്ചറിവ് എന്നാണ് നമുക്ക് കൈവരിക. ആയുധം കുന്നുകൂടുമ്പോള്‍ തീര്‍ച്ചപ്പെടുത്താം മനുഷ്യനില്‍ ഭയം വര്‍ദ്ധിച്ചിരിക്കുന്നു, അവന്‍റെ ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. ഹിംസ എന്തിനെങ്കിലും പരിഹാരമായിരുന്നോ? ആയിരുന്നെന്നും ആണെന്നുമുള്ള അബദ്ധധാരണയില്‍ നിന്നാണ് എല്ലാ തെറ്റുകളുടെയും തുടക്കം. ഏറ്റവും വലിയ അധാര്‍മ്മികയായ ഭയത്തില്‍നിന്നുടലെടുക്കുന്നു ഹിംസ. ശത്രുവിന് നേരെ ഉന്നം പിടിച്ചിരിക്കുന്ന ആയുധം തന്‍റെ നേരെയാണ് തിരിഞ്ഞിരിക്കുന്നതെന്നറിയാന്‍ ഓരോരുത്തരുംവളരെ വൈകുന്നു.

സ്വാതന്ത്ര്യം നിലനില്‍ക്കെ ഒരു സമുദായത്തില്‍ സമത്വം വേണമെങ്കില്‍ ആധുനിക മനുഷ്യന്‍റെ ജീവിത ദര്‍ശ്ശനം അടിമുടി മാറണം. ഈ ആശയം ഒരു പ്രസ്ഥാനമേ ആകാവൂ, ഒരു സംഘടനയോ പാര്‍ട്ടിയോ ആയിക്കൂടാ.

സി.രാധാകൃഷ്ണന്‍: കൂടുതലറിയാന്‍

Sunday, January 28, 2007

ജന്മദിനവും മരണ മുഹൂര്‍ത്തവും

ഏതൊരു മനുഷ്യനും അവനെത്ര പ്രഗത്ഭനായാലും വര്‍ഷത്തിലൊരിക്കലോ, വ്യാഴവട്ടത്തിലൊരിക്കലോ ഒരു മരണ മുഹൂര്‍ത്തമുണ്ട്‌. ഗ്രഹങ്ങള്‍ക്ക്‌ ഗ്രഹണമെന്നപോലെ, മനുഷ്യരിലുണ്ടാകുന്ന ഗ്രഹണമാണ്‌ അത്തരം മുഹൂര്‍ത്തങ്ങള്‍.

മിക്കവാറും അവന്റെ ജനനത്തീയതിയിലെ ദിവസം തന്നെയാകും അതുള്ളത്‌. ഒന്നോ രണ്ടോ നിമിഷം മൃതമാകുന്ന അവസ്ഥ. ഒരാളും അതറിയുന്നില്ല!

ഒരു പിറന്നാള്‍ മുതല്‍ അടുത്ത പിറന്നാള്‍ വരെയാകും ചിലരുടെ സമയദോഷം. മരണതുല്യമായ അപകടങ്ങളില്‍ നിന്ന്‌ ചിലര്‍ രക്ഷപ്പെടുന്നതും, നിനച്ചിരിക്കാതെ മരിക്കുന്നതും ഒക്കെ നമ്മുടെ ജനനസമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പിറന്നാളും ഓരോ പുനര്‍ജന്മമാകുന്നത്‌ അങ്ങിനെയാണ്‌. പിറന്നാള്‍ ദിവസം ക്ഷേത്രാരാധന നടത്തുന്നതും, ആഘോഷിക്കുന്നതും മറ്റും അതുകൊണ്ടായിരിക്കാം.

അടുത്ത പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റുമോ എന്ന്‌ എങ്ങിനെ അറിയാം!.

പണ്ടെങ്ങോ വായിച്ച ഒരു ലേഖനത്തില്‍ നിന്നും എഴുതിയിട്ട കുറച്ച്‌ വരികള്‍ ഞാനിവിടെ കുറിച്ചിടുന്നു. ഈ വരികളുടെ ആധികാരികത എത്രമാത്രം എന്നതിനെ കുറിച്ച്‌ എനിക്ക്‌ യാതൊരറിവുമില്ല. കൂടുതലറിയാവുന്നവര്‍, കൂടുതല്‍ വിശദീകരണങ്ങള്‍ തരുമെന്ന്‌ പ്രതീക്ഷിക്കുന്നു.

Friday, January 26, 2007

പുതിയ മലയാളം സോഫ്റ്റ്വെയര്‍.

മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേയ്ക്കെത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമായി ഭാഷാസോഫ്റ്റുവെയറുകളും ഫോണ്ടുകളും പൊതുസമൂഹത്തിലേക്ക് സൌജന്യമായി എത്തിക്കുവാന്‍ വേണ്ടി ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്വെയര്‍ ഭാരത സര്‍ക്കാര്‍ പുറത്തിറക്കി. ഐടി മന്ത്രാലത്തിന് വേണ്ടി സിഡാക്കാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്.

ഹിന്ദി, തമിഴ്, തെലുങ്ക് സോഫ്റ്റ്വെയറുകള്‍ ഇവര്‍ നേരത്തെതന്നെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ മലയാളത്തോടൊപ്പം പഞ്ചാബി, മറാത്തി, കന്നഡ, ഉറുദു, ഒറിയ, അസമീസ് എന്നീ ഭാഷകളുടെ സോഫ്റ്റ് വെയറുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

ട്രൂറ്റൈപ്പ് ഫോണ്ട് , കോഡ് പരിവര്‍ത്തകര്‍‍, സ്പെല്‍ ചെക്കര്‍, ഓപ്പണ്‍ ഓഫീസ്, മെസ്സഞ്ചര്‍, ഇ-മെയില്‍ ക്ലയന്‍റ്, ഒസിആര്‍, മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടു, ബ്രൗസര്‍ ലിപിമാറ്റം, വേര്‍ഡ് പ്രൊസസ്സര്‍, യൂണികോഡ് പാലിക്കുന്ന ഓപ്പണ്‍ ടൈപ്പ് ഫോണ്ടുകളും അതിനുള്ള കീബോര്‍ഡ് ഡ്രൈവറും ജനറിക്ക് ഫോണ്ട് കോഡും മറ്റും മലയാളം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുന്ന പ്രധാന ഉപകരണങ്ങളും സേവനങ്ങളുമാണ്.

ഇദംപ്രഥമമായി സൌജന്യമായി വിതരണം ചെയ്യുന്ന മലയാളം സോഫ്റ്റുവെയറുകളുടെയും ഫോണ്ടുകളുടെയും ഈ വന്‍ശേഖരം, മലയാള ഭാഷയിലൂടെയുള്ള സാധാരണക്കാരന്റെ കംപ്യൂട്ടര്‍ ഉപയോഗത്തില്‍ ഒരു പുതിയ ചക്രവാളം തന്നെ തുറക്കുമെന്ന് വാര്‍ത്താവിനിമയ-ഐടി മന്ത്രി ശ്രീ ദയാനിധി മാരന്‍ പ്രത്യാശപ്രകടിപ്പിച്ചൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇവിടെ ക്ലിക്കൂ

Monday, January 01, 2007

ഒന്നാം വിവാഹ വാര്‍ഷികം

2005 ജൂണ്‍ മാസം.

ദില്ലിയില്‍ ചൂട് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്‍റെ മനസ്സിലും!!

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവും, നാല് മാസത്തിനുള്ളില്‍ രണ്ടു പ്രാവശ്യമാണ് നാട്ടില്‍ പോയത്. അവസാനത്തെ പോക്ക് മാര്‍ച്ചിലായിരുന്നു, തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷയോടെ വരവേറ്റ സഹപ്രവര്‍ത്തകരോടും സഹമുറിയന്‍മരോടും സാധാരണ പറയാറുള്ള ‘ഒത്തില്ല’, ഇനി ഈ പെണ്ണ് കാണല്‍പരിപാടി നിര്‍ത്തി എന്നുപറഞ്ഞ് നാക്കുള്ളിലിട്ടതേയുള്ളൂ, നാട്ടില്‍ നിന്നും വീണ്ടും വിളിവന്നു. ‘എല്ലാം ശരിയായിട്ടുണ്ട്, ഇനി നീ വന്ന് കാണുക മാത്രം ചെയ്താല്‍ മതി’ എന്ന അറിയിപ്പോടെ.

എല്ലാ പ്രാവശ്യവുമിതുതന്നെയാണ് പറയാറ്, എന്നിട്ടോ, എന്‍റെ ഭാര്യാ സങ്കല്പങ്ങളുടെ കടക്കല്‍ കത്തി വയ്ക്കുന്നതരം കുറെരൂപങ്ങളെ കണ്ട് തിരിച്ചുപോരും (ഒരുപക്ഷെ അവരും ഇതുതന്നെയായിരിക്കും ചിന്തിച്ചുണ്ടാവുക!).

എന്തോ, ഇത്തവണ ഒരു താല്പര്യവും തോന്നിയില്ല.

പക്ഷെ ആലോചിച്ചപ്പോള്‍ ഞെട്ടിപ്പോയി... വയസ് മുപ്പത്തിരണ്ടും കടന്നു.

ഇനിയും കളിച്ചാല്‍ (അല്ല, വേണ്ടാന്ന് വിചാരിച്ചിട്ടാ!) വല്ല രണ്ടാം കെട്ടും മാത്രമേകിട്ടൂ എന്ന സഹമുറിയന്‍മാരുടെ മുന്നറിയിപ്പ്, വീട്ടുകാരുടെ മടുപ്പ്, എല്ലാം കൂടി ആലോചിച്ചാല്‍! പോകാന്‍ തന്നെ തീരുമാനിച്ചു. എങ്ങിനെ ഒക്കെയോ, ആരുടെയൊക്കെയോ കാലുപിടിച്ച് ജൂലൈയിലെ ഏറ്റവും ചൂട് കൂടിയ 20 ദിവസത്തെ ലീവ് സംഘടിപ്പിച്ച് നാട്ടിലെത്തി.
വീട്ടില്‍ കാലുകുത്തണ്ട താമസം, അഛന്‍റെയും അമ്മയുടെയും വക ഉപദേശങ്ങളുടെ കെട്ടഴിഞ്ഞു.

എന്‍റെ ഓവര്‍ കോണ്‍ഫിഡന്‍സും, ഓവറെക്സ്പെക്റ്റേഷനും മൂലം അവര്‍ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല പോലും.എന്തായാലും ഇപ്രാവശ്യം ഒരുതീരുമാനത്തിലെത്തിയിട്ട് തിരിച്ചുപോയാല്‍ മതിയെന്ന്.

ഇപ്രാവശ്യം നാട്ടില്‍നിന്നും ഒരുപാട് ദൂരെ കാസര്‍ഗോഡിനടുത്തൊരു സ്ഥലമായിരുന്നു ആദ്യത്തെ സ്വീകരണകേന്ദ്രം. എന്നത്തെയും പോലെ അഛനും, അമ്മാവനും, പിന്നെ ദല്ലാളും, കൂടി ഒരു യാത്ര. പോയി, കണ്ടു, വന്നു. ഇതെന്തായാലും നടക്കും എന്നൊരു വിശ്വാസം മനസ്സിലുണ്ടായിരുന്നു. ഇനി അവരുടെ തീരുമാനം മാത്രമറിഞ്ഞാല്‍ മതി.എന്നാലെനിക്ക് മടങ്ങിപോകാം.

അവരുടെ തീരുമാനം വരുന്നതു വരെ കാത്തിരിക്കേണ്ട എന്ന അഭിപ്രായം എല്ലാഭാഗത്തുനിന്നും ശക്താമായി ഉയര്‍ന്നു വന്നതുകൊണ്ട് പിറ്റെദിവസം തന്നെ നാട്ടില്‍നിന്നധികം ദൂരെയല്ലാത്ത ഒരു സ്ഥലത്ത് പോകാമെന്ന് തീരുമാനിച്ചു.
ഏതായാലും, ഇന്നലെ കണ്ടത് നടക്കും, അതുകൊണ്ട് പെങ്ങളോടൊന്നും വരണ്ടെന്ന് പറഞ്ഞു. അഛനും, അമ്മാവനും
പിന്നെ അഛന്‍റെ അകന്ന ഒരു ബന്ധുവും (എന്‍റെ ഒരിളയഛനായി വരും, അദ്ദേഹമാണീ ആലോചന കൊണ്ടുവന്നത്) കൂടി രാവിലെതന്നെ യാത്ര തിരിച്ചു.

ഒരൊന്നൊന്നര മണിക്കൂര്‍ യാത്രക്ക് ശേഷം, പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന് മുന്നിലെത്തി, അഛന്‍റെ ബന്ധു പറഞ്ഞു‘ഇതു തന്നെ വീട്‘.

എന്തോ, എല്ലാം കൊണ്ടും, എല്ലാവര്‍ക്കും ഈ പ്രൊപ്പോസല്‍ കൂടുതല്‍ ഇഷ്ടമായി. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ആകപ്പാടെ ഒരു നിബന്ധനമാത്രം കല്യാണം ആറുമാസത്തേക്ക് നടത്താന്‍ പറ്റില്ല.

എനിക്കും വളരെ സന്തോഷം. ഉള്ള ലീവെല്ലാം പെണ്ണുകാണാന്‍ പോകാനെടുത്തു. ഇതുതന്നെ വിത്തൌട്ടിലാണ് വന്നിരിക്കുന്നത്.

അവിടെനിന്നും പെണ്ണിന്‍റെ ജാതകവും വാങ്ങി, ജാതകം ചേര്‍ന്നാല്‍ വിളിച്ച് പറയാമെന്നും പറഞ്ഞ് ഞങ്ങളിറങ്ങി. അടുത്തുതന്നെയുള്ള ഒരു ജോത്സ്യന്‍റെ അടുത്ത് ജാതക ചേര്‍ച്ചയും നോക്കി ‘ജാതകം ചേരുമെന്നും പറ്റുമെങ്കില്‍ പിറ്റേന്ന് തന്നെ ചെറുക്കന്‍ വീട്കാണാന്‍ വരണമെന്നും പറഞ്ഞ് ഞങ്ങള്‍ അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു.

പക്ഷെ, രാത്രി ഇളയഛന്‍റെ ഫോണ്‍, എന്തോ ചില കാരണങ്ങളാല്‍ അവര്‍ക്ക് പിറ്റേന്ന് വരാന്‍കഴിയില്ല എന്നും വരുന്ന ദിവസംപിന്നീട് വിളിച്ചറിയിക്കാമെന്നു.

ദൈവമേ... ഇനിയെന്തു ചെയ്യും. ഈ കല്യാണം ശരിയായെന്ന് കരുതി, മറ്റെപാര്‍ട്ടിയോട്, ഞങ്ങള്‍ക്കുള്ള താല്പര്യക്കുറവ് ദല്ലാള്‍വഴി അറിയിക്കുകയും ചെയ്തു. എല്ലാം എന്‍റെ സമയദോഷം (ഗുരുത്വദോഷം).

ആകെ ടെന്‍ഷന്‍....

പിറ്റെ ദിവസം, വീട്ടില്‍ നിന്നാല്‍ അയല്‍ക്കാരുടെ ചോദ്യോത്തര സെഷന്‍ ഭയന്ന്, രാവിലെ തന്നെ ബന്ധുക്കളെ കാണാനെന്നും പറഞ്ഞ് ഞാനിറങ്ങി. വൈകുന്നേരം വരെ അവിടെയും ഇവിടെയും ഒക്കെ കറങ്ങിത്തിരിഞ്ഞ് രാത്രി ഒരെട്ടുമണിയോടെ വീട്ടില്‍തിരിച്ചെത്തി. അപ്പോഴാണറിഞ്ഞത്, അവര്‍ വിളിച്ചിരുന്നു, രണ്ടു ദിവസത്തിന്ശേഷം ഇങ്ങോട്ട് വരുന്നുണ്ടെന്ന്.

സമാധാന.............മായിട്ടില്ല. അവര്‍ വന്ന്‌പോയാല്‍ മാത്രമേ ഇനിയെന്തെങ്കിലും പറയാന്‍ പറ്റൂ.

പറഞ്ഞതുപോലെ രണ്ടു ദിവസത്തിന് ശേഷം അവര്‍ വന്നു, അവരും സാറ്റിസ്ഫൈഡ്, അങ്ങനെ എല്ലാം കൂടി ഇതുതന്നെ ഉറപ്പിക്കാം എന്ന് തീരുമാനിച്ചു.
ഇനി കല്യാണ നിശ്ചയം.

തിരിച്ച് പോകുന്നതിന് മുന്‍പ് ഇതും കൂടെ കഴിഞ്ഞാല്‍ നന്നായിരുന്നു എന്ന എന്‍റെ അഭിപ്രായം മാനിച്ച് എന്‍റെ യാത്രയുടെ ഒരുദിവസം മുന്‍പ് നിശ്ചയം നടത്താന്‍ തീരുമാനിച്ചു.

ജൂലൈ 13, ബുധനാഴ്ച. വിവാഹ നിശ്ചയം നടന്നു. കല്യാണം നാലു മാസത്തിന് ശേഷം, ഡിസംബറില്‍ നടത്താമെന്ന് തീരുമാനമായി. തീയതി പിന്നീട് എന്‍റെ ലീവിനടിസ്ഥാനപ്പെടുത്തി തീരുമാനിക്കാം എന്നും തീരുമാനമായി.

ഞാന്‍ വീണ്ടും ദില്ലിയിലെ കൊടും ചൂടിലേക്ക്. പക്ഷെ ഇത്തവണത്തെ ചൂടിനല്പം കുളിരുണ്ട്.

ഓഫീസില്‍ ലഡു വിതരണത്തോടെ വിവരമറിയിച്ചു, ലീവിനിയും വേണം, അതും 5 മാസത്തിനകം. എന്തൊക്കെ ആയാലും ഡിസംബറില്‍ലീവ്തരാന്‍ പറ്റില്ലെന്ന് അവരും അറിയിച്ചു. പിന്നെ കാലേ കയ്യേ പിടിച്ച് ഡിസംബര്‍ 25ന് ശേഷം ജനുവരി 15 വരെ ലീവനുവദിപ്പിച്ചു. അന്നുതന്നെ നാട്ടില്‍ വിളിച്ച് വിവരമറിയിച്ചു.

ഇനിയാണ് ടെന്‍ഷന്‍ മുഴുവന്‍. എങ്ങിനെയും കല്യാണ ദിവസം വരെ കാത്തിരിക്കണമല്ലോ! ദിവസമൊട്ട് തീരുമാനിച്ചിട്ടുമില്ല.

ദിവസം തോറും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളികള്‍ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. പല ദിവസങ്ങളിലും ഒന്നില്‍ കൂടുതല്‍ തവണ.

അങ്ങനെ ഒരു ദിവസം അഛന്‍റെ ഫോണ്‍ വന്നു, തീയതി നിശ്ചയിച്ചു, ജനുവരി ഒന്ന് 2006!

അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം ആ ദിവസം വന്നു.

ബന്ധുക്കളുടെയും, സുഹ്രുത്തുക്കളുടെയും മുന്നില്‍ വച്ച്, രജിത എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഇന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഞങ്ങളൊന്നായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
ചെറിയ ചെറിയ പരിഭവങ്ങളും, വഴക്കുകളും, അതിലേറെ സന്തോഷവുമായി ഞങ്ങളുടെ ജീവിത നൌക മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.