Tuesday, March 27, 2007

തീവ്രവാദികള്‍

ആയുധം കൈയിലില്ലാതെ അടരാടുന്നതെങ്ങനെ എന്ന ചോദ്യം വളരെ പഴയതാണ്. ആയുധം കൈയിലുള്ളപ്പോള്‍ അടരാടാതെയെങ്ങിനെ എന്ന് അനുഭവം തിരുത്തിയെടുത്തിരിക്കുന്നു.

അമ്പും വില്ലും വാളും മാത്രം ഉണ്ടായിരുന്ന കാലത്തുനിന്ന് ഏറ്റവും എളുപ്പത്തില്‍ ഏറ്റവും കൂടുതല്‍ജീവികളെ കൊന്നൊടുക്കാടുക്കാനുള്ള വിദ്യവളര്‍ത്തിയെടുത്ത് അതിനെ ശാസ്ത്രപുരോഗതിയെന്ന് വിളിച്ച് നാണക്കേടു മറക്കുന്ന കൌശലക്കാരനാകാന്‍ മനുഷ്യനു മടിയില്ലാതായിരിക്കുന്നു. ശാസ്ത്രം നമ്മെ ചാകാതെ കിടക്കാന്‍ പല വിധത്തില്‍ സഹായിക്കുകയും എന്നിട്ട് കൂട്ടമായികൊല്ലുകയും ചെയ്യുന്നു.

സഹജാവയത്തില്‍ കവിഞ്ഞ ഒന്നിന്‍റെയും സഹായത്തോടെ മറ്റൊരു ജീവിയും ഭൂമുഖത്ത് ആത്മരക്ഷയും ഉപജീവനവും നടത്തുന്നില്ലെന്നിരിക്കേമനുഷ്യന്‍ മാത്രം ആ അതിക്രമം ചെയ്തു.

മനുഷ്യദു:ഖങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന സ്വപന സാക്ഷാല്‍കാരത്തിനായി ആയുധം കൈയിലേന്തിയവരാണ് പഴയകാലത്തുള്ളപലരും. എന്നാല്‍ ഇന്ന് ആയുധത്തിലുള്ള വിശ്വാസം ഒന്നു കൊണ്ട് മാത്രം തീവ്രവാദികളായവരാണധികവും. തീവ്രവാദികളില്‍ പലരുംസ്വപ്നസാക്ഷാല്‍ക്കാരത്തിനായല്ല, ഒരു സ്വപ്നത്തിന്‍റെ ചാരവുമായാണ് യാത്ര തുടങ്ങുന്നത്. മതത്തിനു വേണ്ടിയാണ് കൊല്ലുന്നതും മരിക്കുന്നതെന്നു കരുതുന്നവരുടെ മനസ്സില്‍ പോലും ഈ സ്വപ്നത്തിന്‍റെ ചാരമുണ്ട്.

ആധുനിക ആയുധങ്ങള്‍ ധാരാളമായി കിട്ടാനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് എതിര്‍പ്പിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പ്രതികാരത്തിന്‍റെയും രീതികളില്‍ ഇത്രയേറെ മാറ്റമുണ്ടായത്.

ഹിംസയും ഭയവും പകയും തമ്മിലുള്ള ബന്ധമാണ് ഇവിടെ പ്രസക്തമായ കാര്യം. കൊന്നും ജയിച്ചും മുന്നേറുന്ന മനുഷ്യന്‍ ഹിംസയുടെ വിജയം ആഘോഷിക്കുമ്പോള്‍ സ്വന്തം മുഖച്ഛായ മാറിപ്പോകുന്നതറിയുന്നില്ല. നന്മയുടെ നിലാവു പരക്കുന്നിടത്തേ സൌന്ദര്യമുള്ളൂ എന്നവന്‍ അറിയുന്നില്ല. നന്മയാകട്ടെ ധീരവും സ്വതന്ത്രവുമായ ആത്മാവിനു മാത്രം വിധിച്ചിരിക്കുന്നു.

ആയുധവും ക്രൂരതയും ഭീരുവിന്‍റെ അടയാളമാണ് എന്ന തിരിച്ചറിവ് എന്നാണ് നമുക്ക് കൈവരിക. ആയുധം കുന്നുകൂടുമ്പോള്‍ തീര്‍ച്ചപ്പെടുത്താം മനുഷ്യനില്‍ ഭയം വര്‍ദ്ധിച്ചിരിക്കുന്നു, അവന്‍റെ ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. ഹിംസ എന്തിനെങ്കിലും പരിഹാരമായിരുന്നോ? ആയിരുന്നെന്നും ആണെന്നുമുള്ള അബദ്ധധാരണയില്‍ നിന്നാണ് എല്ലാ തെറ്റുകളുടെയും തുടക്കം. ഏറ്റവും വലിയ അധാര്‍മ്മികയായ ഭയത്തില്‍നിന്നുടലെടുക്കുന്നു ഹിംസ. ശത്രുവിന് നേരെ ഉന്നം പിടിച്ചിരിക്കുന്ന ആയുധം തന്‍റെ നേരെയാണ് തിരിഞ്ഞിരിക്കുന്നതെന്നറിയാന്‍ ഓരോരുത്തരുംവളരെ വൈകുന്നു.

സ്വാതന്ത്ര്യം നിലനില്‍ക്കെ ഒരു സമുദായത്തില്‍ സമത്വം വേണമെങ്കില്‍ ആധുനിക മനുഷ്യന്‍റെ ജീവിത ദര്‍ശ്ശനം അടിമുടി മാറണം. ഈ ആശയം ഒരു പ്രസ്ഥാനമേ ആകാവൂ, ഒരു സംഘടനയോ പാര്‍ട്ടിയോ ആയിക്കൂടാ.

സി.രാധാകൃഷ്ണന്‍: കൂടുതലറിയാന്‍

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!