Wednesday, May 21, 2008

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!!

ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍.....

അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!



Saturday, March 22, 2008

മൂന്നാം ജന്മം - ഞാനുമൊരച്ഛനായി

ഇതെന്റെ മറ്റൊരു ജന്മം - മൂന്നാം ജന്മം. ആദ്യം മകന്‍, പിന്നെ ഭര്‍ത്താവ്, ഇപ്പോ അച്ഛന്‍.

സര്‍പ്രൈസല്ലെങ്കിലും, കാത്തിരുന്ന്, കാത്തിരുന്ന്, അച്ഛന്‍ വിളിച്ച് "അങ്ങിനെ നീയും ഞാനായി" എന്നു പറഞ്ഞപ്പോള്‍ അനുഭവിച്ച വികാരങ്ങള്‍ വാക്കുകള്‍ക്കതീതം. മാര്‍ച്ച് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അവന്റെ ജനനം.

നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടക്കായിരുന്നു, ഒരു ചെറിയ ജോലിക്കയറ്റവും ഗുഡ്‌ഗാവില്‍നിന്നും ദില്ലിയിലേക്കുതന്നെ സ്ഥലം മാറ്റവും. അതുകൊണ്ട്തന്നെ മകന്റെ ജനന സമയത്ത് ഞാനിവിടെ ഫയലുകള്‍ക്കിടയില്‍ ടെന്‍ഷനടിച്ച്.

ഇപ്പൊ എല്ലാവരും സുഖമായിരിക്കുന്നു.
ദൈവത്തിനു നന്ദി, കൂടെ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകളറിയിച്ചവര്‍ക്കും.
മനുമാഷിന്റെ ഈ സമ്മാനത്തിന്‌ പ്രത്യേക നന്ദി.

Monday, March 03, 2008

സൌഹൃദങ്ങള്‍ സൌഭാഗ്യം

ഈ സമയമില്ലായ്മ നമ്മളെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള നമ്മുടെ വേര്‍പിരിയല്‍ കുടുംബബന്ധങ്ങളെ മാത്രമല്ല സുഹൃത്ത്‌ബന്ധങ്ങളേയും ഒരുപോലെ ബാധിച്ചിരിക്കുന്നു.

നാട്ടുവഴിയരികിലെ കലുങ്കും, അംമ്പലമുറ്റത്തെ ആല്‍ത്തറയും, നാട്ടിന്‍പുറത്തെ വായനശാലയും യുവത്വത്തിനു നില്‍കിയിരുന്ന കൂട്ടായ്മയും സൌഹൃദങ്ങളും ഇന്നു വെറും ഓര്‍മ്മയാകുന്നു.

ഈ സൌഭാഗ്യങ്ങളൊക്കെ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാവുകയല്ലേ?

സാമൂഹ്യജീവിയായ മനുഷ്യന്‍ ഉപജീവനാര്‍ത്ഥം ബന്ധുമിത്രാദികളില്‍നിന്നും ദൂരെ എവിടെയെങ്കിലും ചേക്കേറുകയും, പിന്നെ, എന്നെങ്കിലും വഴിപിരിഞ്ഞവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍, കണ്ടുമുട്ടുന്നേടത്ത് വച്ച് പരിചയം പുതുക്കുകയുംചെയ്യുന്നു.

ഒരു വാക്ക് പുഞ്ചിരിയോടെ പറയുകയും, ഒരു ചെറുചിരി തിരികെ കിട്ടുകയും ചെയ്യുന്നത്‌ കൈ നീട്ടി ഒന്നുതൊടുന്നതുപോലെയാണ്‌. സമയത്തിനപ്പുറത്തെ ഒരു ബിന്ദുവിലേക്ക് പഴയ ബന്ധം നീണ്ടെത്തുന്നു. വഴികളില്‍ ഓര്‍മ്മിച്ചിരുന്നെന്നും, വഴികളിലെ കാഴ്ചകളില്‍ ഭൂതകാലം മുങ്ങിപ്പൊയിട്ടില്ലെന്നും തെളിയുന്നു.

ഒരുനിമിഷത്തേയ്ക്കെങ്കിലും എല്ലാവരും എല്ലാവരേയും അറിയുന്നു.

Thursday, February 21, 2008

ദില്ലി വിശേഷങ്ങള്‍‍ - മുഗള്‍ ഗാര്‍ഡന്‍.

ദില്ലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌ മുഗള്‍ ഗാര്‍ഡന്‍. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ദില്ലി സന്ദര്‍ശനത്തിനു വരുന്നവര്‍ ഒരിക്കലും ഒഴിവാക്കാത്ത സ്ഥലം.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും പൊതുജനങ്ങള്‍ക്കായി ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 24 വരെ തുറന്നുകൊടുത്തിരിക്കുന്നു. എല്ലാ തിങ്കളാഴ്ചകളും, മാര്‍ച്ച് 21-22 ഉം മാത്രമായിരിക്കും അവധി ദിവസങ്ങള്‍.
പ്രവേശന സമയം രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെയാണ്‌.

രാഷ്ട്രപതിഭവനകത്ത് 15 ഏക്കറോളം സ്ഥലത്ത് വിശാലമായി പരന്നുകിടക്കുന്ന ഈ മനോഹര ഉദ്യാനം സര്‍ എഡ്വിന്‍ അല്യൂട്ടിയെന്ന മഹാപ്രതിഭയുടെ സംഭാവനയാണ്. 1911-ല്‍ ന്യൂ ഡല്‍ഹിയുടെ നിര്‍മ്മാണസമയത്ത് ലേഡി ഹാര്‍ഡിംഗിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ഉദ്യാനം പണികഴിപ്പിച്ചത്. ജമ്മു-കാശ്മീരിലെയും, താജ്മഹലിനു ചുറ്റുമുള്ള മനോഹരമായ പൂന്തോട്ടങ്ങളുടെയും മാതൃകയില്‍, മധ്യകാല ഇന്ത്യന്‍/ പേര്‍ഷ്യന്‍ ചുവര്‍ച്ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണീ ഉദ്യാനം.

15 ഏക്കറിലുള്ള ഈ പൂന്തോട്ടത്തെ ദീര്‍ഘചതുരാകൃതിയിലും, നീളത്തിലും പിന്നെ വൃത്താകൃതിയിലുമുള്ള മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മുഗള്‍ ശൈലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്, ബ്രിട്ടീഷ് പാരമ്പര്യരീതിയിലുള്ള നിര്‍മ്മാണ രീതിയാണിതിനവലംഭിച്ചിരിക്കുന്നത്. മുഗള്‍ ശൈലിയിലുള്ള ജലധാരായന്ത്രങ്ങളും, തോടുകളും (കനാല്‍/ നഹര്‍), മട്ടുപ്പവുകളോടുകൂടിയ ചെറിയ വിശ്രമ സങ്കേതങ്ങളും ഈ പൂന്തോട്ടത്തിന് ഏറെ ഭംഗി പകരുന്നു. മുഗള്‍ ശൈലിക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുത്തു നിര്‍മ്മിച്ചതുകൊണ്ടായിരിക്കാം ഈ ഉദ്യാനത്തിന്‌ 'മുഗള്‍ ഗാര്‍ഡന്‍' എന്ന പേര്‍്‌ ലഭിച്ചത്.

രാഷ്ട്രപതി ഭവന്‍റെ പ്രധാന കെട്ടിടവുമായി ഏറ്റവുമടുത്തുനില്‍ക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള പൂന്തോട്ടമാണ്‌ ഇവയില്‍ പ്രധാനം. ഈ പൂന്തോട്ടത്തെ 4 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോഭാഗവും വിശാലമായ പുല്‍ത്തകിടിയും ജലധാരായന്ത്രങ്ങളും മട്ടുപ്പാവുകളോടുകൂടിയ ചെറിയ കെട്ടിടങ്ങളും കൊണ്ട് മോടികൂട്ടിയിരിക്കുന്നു. ഈ ഉദ്യാനത്തിലെ പ്രധാന മൈതാനത്താണ്‌ രാഷ്ട്രപതിയുടെ ഔദ്യോഗിക സല്‍ക്കാരങ്ങള്‍ നടത്താറുള്ളത്.

രണ്ടാമത്തെ 'ലോങ് ഗാര്‍ഡന്‍' എന്നറിയപ്പെടുന്ന പൂന്തോട്ടം പ്രധാനമായും, മൂന്നാമത്തെ ഉദ്യാനമായ 'സര്‍ക്കുലര്‍ ഗാര്‍ഡനിലേ'ക്കുള്ള നടപ്പാതയുടെ ഇരു ഭാഗവുമാണ്. വൃത്താകൃതിയിലുള്ള മൂന്നാമത്തെ പൂന്തോട്ടം 'പേള്‍ ഗാര്‍ഡന്‍' എന്നും 'ബട്ടര്‍ ഫ്ലൈ ഗാര്‍ഡന്‍' എന്നും അറിയപ്പെടാറുണ്ട്.

ചെങ്കോട്ടയുടെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന തരം ചുവന്ന കല്ലുപാളികളില്‍, വലിയ മൂന്ന് തട്ടുകളോടുകൂടിയ, താമര ഇലകള്‍ക്ക് സമാനാകൃതിയില്‍ പണിത വലിയ ജലധാരായന്ത്രങ്ങളിലേക്ക് ചെന്നെത്തുന്ന നാല്‌ ജലവഴികള്‍ ഈ പൂന്തോട്ടങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഭംഗി അനിര്‍വചനീയമാണ്‌.

ഇതിനൊക്കെ പുറമെ, നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന 'മ്യൂസിക്കല്‍ ഗാര്‍ഡന്‍' സന്ദര്‍ശ്ശകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേശഭക്തി ഗാനത്തിനും, ഷഹ്‌നായി സംഗീതത്തിനുമനുസരിച്ച് നൃത്തം ചെയ്യുന്ന വലിയ മൂന്ന് ജലധാരായന്ത്രങ്ങളാണ്‌ ഇവിടത്തെ പ്രധാനാകര്‍ഷണം. വെള്ളവും വെളിച്ചവും സംഗീതവും വളരെ ഭംഗിയായി സമന്വയിപ്പിച്ചിരിക്കുന്ന ഈ ഗാര്‍ഡന്‍ വളരെ നല്ല ഒരു ദൃശ്യശ്രാവ്യാനുഭൂതി നല്‍കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 135ഓളം വിഭിന്നങ്ങളായ റോസാചെടികളാണീ ഉദ്യാനത്തിന്‍റെ പ്രധാന സവിശേഷത (സവിശേഷതകളിലൊന്നു മാത്രം). അതില്‍ തന്നെ 7ഓളം പുതിയ ഇനങ്ങള്‍ ഈ വര്‍ഷത്തെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.

ചര്‍ച്ച് റോഡിന്‍റെ അവസാനത്തിലുള്ള, പ്രസിഡണ്ട് എസ്റ്റേറ്റിന്‍റെ, 35ആം നമ്പര്‍ ഗേറ്റാണ്‌ ഈ പൂന്തോട്ടത്തിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പോക്കുവരവിനായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ശാരീരിക വൈകല്യം മൂലം വീല്‍ചെയറുകളുപയോഗിക്കേണ്ടവര്‍ക്കായി രാഷ്ട്രപതിഭവന്‍റെ സ്വീകരണഹാളിലൂടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: വെള്ളം, ഭക്ഷണസാധനങ്ങള്‍, പര്‍സ്, സ്ത്രീകളുടെ 'പൊങ്ങച്ച സഞ്ചി', ക്യാമറ, സെല്‍ ഫോണ്‍, കുട മുതലായ ഒരുവിധ സാധനങ്ങളും പൂന്തോട്ടത്തിനകത്തേക്ക് കൊണ്ടു പോകാനനുവദിക്കുന്നതല്ല. അത്തരം വസ്തുക്കള്‍, ആരെങ്കിലും കൂടെ കരുതിയിട്ടുണ്ടെങ്കില്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രവേശനകവാടത്തിനു പുറത്ത് വയ്ക്കേണ്ടതാകുന്നു.
===============================================================
കൂടുതല്‍ വിവരങ്ങള്‍
ഇവിടെ ലഭിക്കും.

Wednesday, February 13, 2008

നിത്യോപയോഗ സാധനങ്ങള്‍

നമ്മള്‍ ദൈനംദിന ജീവിതത്തിലുപയോഗിക്കുന്ന ചില അവശ്യവസ്തുക്കളുടെ പേരുകള്‍ ചിലപ്പോള്‍, നമുക്ക് (പ്രത്യേകിച്ച് കേരളത്തിനു പുറത്ത് താമസിക്കുന്ന 'എന്നെപ്പോലെയുള്ളവര്‍ക്ക്'!!) ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മലയാളത്തില്‍ മാത്രമായിരിക്കും അറിയുക. അങ്ങിനെ ചില വസ്തുക്കളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇവിടെ ഇടുന്നു. ഇതില്‍ ഉള്‍പ്പെടാത്തവ ഇതു വായിക്കുന്നവര്‍ കമന്‍റില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Bengal Gram - കടല
Green Gram - ചെറുപയര്‍
Red Gram - തുവര പരിപ്പ്
Black Gram - ഉഴുന്ന് പരിപ്പ്
Gram Flour - കടല മാവ്
Brinjal - വഴുതിനിങ്ങ
Cabbage - മുട്ടക്കോസ്
Coriander leaves - മല്ലി ഇല (മല്ലിച്ചപ്പ്)
Coconut - തേങ്ങ
Mint Leaves - പുതിന
Green Peas - പച്ചപ്പട്ടാണി കടല
Lemon - ചെറുനാരങ്ങ
Onion - ഉള്ളി
Garlic - വെളുത്തുള്ളി
Potato - ഉരുളക്കിഴങ്ങു
Tomato - തക്കാളി
Banana - വാഴപ്പഴം
Pineapple - കൈതചക്ക
Mango - മാങ്ങ
Grapes - മുന്തിരിങ്ങ
Aniseed - കരിം ജീരകം
Asafoetida - കായം
Bay Leaf - കറുവ ഇല
Black Pepper - കുരുമുളക്
Cardamom - ഏലക്ക
Cinnamon - പട്ട
Cloves - കരിയാമ്പ്
Coriander Seeds - മല്ലി (കൊത്തമ്പാരി - മലബാര്‍ ഭാഷ)
Cumin Seeds - ജീരകം
Curry leaves - കറിവേപ്പില
Cashewnuts - കശുവണ്ടി
Fennel - പെരുംജീരകം
Fenugreek - ഉലുവ
Garlic - വെളുത്തുള്ളി
Ginger - ഇഞ്ചി
Jaggery - ശര്‍ക്കര (വെല്ലം - മലബാര്‍ ഭാഷ)
Mustard - കടുക്‌
Poppy Seeds - കസ് കസ്
Red Chillies - ചുവന്നമുളക്
Raisins - ഉണക്ക മുന്തിരി
Tamarind - പുളി
Turmeric powder - മഞ്ഞള്‍ പൊടി
Yogurt - തൈര്
Rice (Raw) - പച്ചരി
Rice (Boiled) - പുഴുങ്ങരി
Semolina - റവ
Vermicelli - സേമിയ

ഇതു തന്നെ ഇംഗ്ലീഷില്‍ എഴുതിയത് നിങ്ങള്‍ക്ക് ഈ വെബ് സൈറ്റില്‍ ലഭിക്കും. അവിടെ ഇതു കൂടാതെ പ്രവാസിഭാരതീയര്‍ക്കുപകാരപ്രദമായ മറ്റനേകം വിവരങ്ങളും ലഭിക്കും.

Friday, January 25, 2008

ദില്ലി വിശേഷങ്ങള്‍ - ട്രാവന്‍കൂര്‍ ഹൗസ്‌ (ചരിത്രം),

നഗരമധ്യത്തില്‍, കണ്ണായ സ്ഥലത്ത്‌, ഏഴര ഏക്കറോളം ഭൂമിയും അതില്‍ 20,000 ചതു.അടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഇരുനില മാളികയും. ഇതാണ്‌ കേരളാ സര്‍ക്കാറിന്റെ അധീനതയിലുള്ള ദില്ലിയിലെ മറ്റൊരു പ്രധാന 'വസ്തു'.


കേരളാ ഹൗസിനുള്ളതുപോലെ
തന്നെ വളരെ ചരിത്രപരമായ പ്രാധാന്യം ഈ ട്രാവന്‍കൂര്‍ ഹൗസിനുമുണ്ട്‌. ട്രാവന്‍കൂര്‍ ഹൗസ്‌ കേരളാ സര്‍ക്കാറിന്റെ പൂര്‍ണ്ണ അധികാരത്തില്‍ എത്തിയത്‌, കേരളാ ഹൗസ്‌, കേരളാ സര്‍ക്കാറിന്‌ കിട്ടിയതുപോലെ അത്ര എളുപ്പമായിരുന്നില്ല . ഒരുപാട്‌ വര്‍ഷത്തെ നിയമയുദ്ധവും ഒരു പാട്‌ പേരുടെ പരിശ്രമവും ഇതിന്റെ പിന്നിലുണ്ട്‌.

ആരു കണ്ടാലും ഒന്നു നോക്കി, അത്ഭുതം കൂറി, നിന്നു പോകും. അത്ര മനോഹരം. മഹാനഗരത്തില്‍ ഇത്രയും സ്ഥലവും സൗകര്യവുമുണ്ടായിട്ടും അത്‌ വേണ്ടവണ്ണം ഉപയോഗിക്കാതിരിക്കാന്‍ നമ്മുടെ സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കാണ്‌ സാധിക്കുക.

കാലഘട്ടം 1923. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ലാഹോറിലേക്ക്‌ തിരിച്ചുപോയ ജോലിക്കാരേയും കൂട്ടി സുയാന്‍ സിംഗും മകന്‍ ശോഭന്‍ സിംഗും കുടുംബത്തോടെ ദില്ലിയില്‍ തിരിച്ചെത്തി സ്ഥിരതാമസമാരംഭിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തുന്ന കാലഘട്ടത്തെക്കുറിച്ചൊക്കെ വിശദമായി കഴിഞ്ഞ ഭാഗത്തില്‍ വിവരിച്ചിരുന്നല്ലോ.

പട്ട്യാല മഹരാജാവിനു വേണ്ടി, സുയാന്‍ സിംഗിന്റെ മേല്‍നോട്ടത്തില്‍ ഈ ബംഗ്ലാവ്‌ പണികഴിച്ചപ്പോള്‍, ഇതൊരര്‍ദ്ധവൃത്താകൃതിയുള്ള കെട്ടിടമായിരുന്നു. ഇന്ത്യാ ഗേറ്റിനരികിലുള്ള പട്ട്യാലാ ഹൗസില്‍ താമസിച്ചിരുന്ന മഹാരാജാവ്‌ പലപ്പോഴും ദര്‍ബാര്‍ കൂടുന്നതിനും, ചില സന്ധ്യകളില്‍ വിനോദത്തിനുമായി(??) ഒരുക്കിവച്ചിരുന്ന സ്ഥലമായിരുന്നു ഈ ബംഗ്ലാവ്‌ എന്നാണ്‌ ചരിത്രം. മഹാരാജാവിന്റെ ഭടന്‍മാരും, കുതിരപ്പടയും മറ്റും താമസിച്ചിരുന്നത്‌ ഈ ബംഗ്ലാവിനോട്‌ ചേര്‍ന്ന് കിടക്കുന്ന കപൂര്‍ത്തല പ്ലോട്ട്‌ എന്ന സ്ഥലത്തായിരുന്നു.

മഹാരാജാവിന്റെ ഇഷ്ടക്കാരികളില്‍ പലരും ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു. അവരിലൊരുവള്‍ക്ക്‌ ഈ ബംഗ്ലാവ്‌, പിന്നീട്‌ ഇഷ്ടദാനമായി നല്‍കുകയും, അവര്‍ക്ക്‌ ഇവിടെ സ്ഥിരതാമസമാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ഇത്‌ വിറ്റ്‌ കിട്ടുന്ന പൈസയുമായി സ്വന്തം ജന്മദേശമായ ലഖ്നൗവിലേക്ക്‌ തിരിച്ചു പോകുന്നതിനെക്കുറിച്ചാലോചിക്കുകയുമുണ്ടായി.

ഈ വിവരം കൊച്ചിരാജാവിന്റെ ദിവാനായ ഷണ്മുഖം ചെട്ടിയാര്‍ വഴി, മഹാനഗരത്തില്‍ സ്വന്തമായി ഒരല്‍പം 'വസ്തു' വാങ്ങാനുള്ള മാസ്റ്റര്‍പ്ലാനും തയ്യാറാക്കിയിരിക്കുന്ന, തിരുവിതാംകൂര്‍ രാജാവറിയുകയും ചെയ്തു.അങ്ങിനെ, ചെട്ടിയാരുടെ ശ്രമഫലമായി, തിരുവിതാംകൂര്‍ മഹാരാജാവും ദില്ലിയില്‍ സ്വന്തമായി ഒരുപിടി മണ്ണും, ഒരു ബംഗ്ലാവും സ്വന്തമാക്കി. വാങ്ങിയ കാലഘട്ടവും, വിലയും വ്യക്തമായി അറിയില്ലെങ്കിലും, വളരെ നിസ്സാരവിലയ്ക്കായിരുന്നു എന്നതരമനരഹസ്യമല്ല. (ചെട്ടിയാരാരാ മോന്‍!!).

വാങ്ങിയതിനുശേഷം മലയാളിയുടെ ജന്മസ്വഭാവമായ മിനുക്കുപണി മഹാരാജാവും ചെയ്തു, മനോഹരമായ ഈ അര്‍ദ്ധവൃത്താകൃതിയിലുള്ള മാളിക മുഴുവനായും വൃത്താകൃതിയിലാക്കുകയും മുന്നില്‍, അധികാരഛിഹ്നമായ "തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന ആനയുള്ള" ഗേറ്റും പിടിപ്പിച്ച്‌ അതിമനോഹരമാക്കി. അതിനു ശേഷം ഈ ബംഗ്ലാവ്‌ 'ഹാത്തിവാലി കോട്ടി' എന്നപേരില്‍ പ്രചാരം നേടുകയും ചെയ്തു.

1939, രണ്ടാം ലോകമഹായുദ്ധാരംഭകാലം വരെ ഈ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും മേല്‍നോട്ടം മഹാരാജാവ്‌ നേരിട്ട്‌ നടത്തുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍, ഈ സ്ഥലവും കെട്ടിടവും, ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം യുദ്ധാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുകയുണ്ടായി. അവരാണ്‌, ഇപ്പോഴവിടെ അവശേഷിച്ചുകാണുന്ന, കേരളാ ഹൗസിലെയും, ട്രവണ്‍കൂര്‍ ഹൗസിലെയും ചില ജോലിക്കാര്‍ താമസിക്കുന്ന ബി ബ്ലോക്കും, എ ബ്ലോക്കും (ഇപ്പോഴില്ല) പണികഴിപ്പിച്ചത്‌. കൂടാതെ കപൂര്‍ത്തല പ്ലോട്ടില്‍ അവര്‍ പട്ടാളക്കാര്‍ക്ക്‌ താമസിക്കുന്നതിനായി 17 ബാരക്കുകളും 48 ഹട്ട്മെന്റുകളും നിര്‍മ്മിച്ചിരുന്നു. അവയുടെ 'അവശിഷ്ടങ്ങള്‍' ഇപ്പോഴും അവിടെ കാണാവുന്നണ്‌.

ഈ കെട്ടിടവും സ്ഥലവും ഇന്ന്, "ഹെരിറ്റേജ്‌ ബില്‍ഡിംഗ്‌ ആക്ടില്‍" (ലൂട്ടിയന്‍ ബംഗ്ലാവ്‌ മേഖല) പെടുന്ന സ്ഥലമായതുകൊണ്ട്‌, നഗരവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാത്രമേ ഇനിയൊരു കൂട്ടിച്ചേര്‍ക്കലോ, പുതുക്കിപ്പണിയലോ സധ്യമാകൂ. ഇപ്പോഴുള്ള കെട്ടിടങ്ങളുടെ ഉയരത്തിനും, വലുപ്പത്തിനും അധികമായി മാറ്റങ്ങളനുവദനീയമല്ലെന്നുള്ളതാണ്‌ ഈ നിയമം. എങ്കിലും ഈ സ്ഥലത്ത്‌ വാസഗൃഹങ്ങള്‍ (ഹോസ്റ്റല്‍, കോര്‍ട്ടേഴ്സുകള്‍) പണിയുന്നതിന്‌ നിയമപരമായി തടസ്സമില്ല. എന്നാല്‍, ഇതുവരെ ഈ അവസരവും പ്രയോജനകരമാംവിധം വിനിയോഗിക്കാന്‍ നമ്മുടെ മാറി മാറി വന്ന കേരള സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ലെന്നത്‌ സങ്കടകരം തന്നെ.

യുദ്ധാനന്തരം ഈ സ്ഥലം വിട്ടുകിട്ടുന്നതിലേക്ക്‌ തിരുവിതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചെങ്കിലും നിയപരമായ നടപടിക്രമങ്ങളില്‍ കുടുങ്ങി 1946-ലാണ്‌ തിരുവിതാംകൂര്‍ രാജാവിന്‌ തിരിച്ചു കിട്ടുന്നത്‌.

രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം 1948 മുതല്‍ 1965-ല്‍ ചാണക്യപുരിയില്‍ സ്വന്തമായി എംബസി മന്ദിരം അനുവദിച്ചുകിട്ടുന്നതുവരെ സോവിയറ്റ്‌ എംബസി ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. സ്വാതന്ത്രലബ്ദിക്കുശേഷം കപൂര്‍ത്തല പ്ലോട്ട്‌ കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലാവുകയും, ദില്ലി സെക്യൂരിറ്റി പോലീസിന്‌ നല്‍കുകയും ചെയ്യുകയുണ്ടായി.

ഡോ. കെ.എന്‍.എസ്‌ നായര്‍, ശ്രീ കെ.ആര്‍.കെ. മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ന്യൂഡല്‍ഹി കേരളാ എഡ്യുക്കേഷന്‍ സൊസൈറ്റിക്ക്‌' കേരളാ സ്കൂളാരംഭിക്കുന്നതിന്‌ വേണ്ടി, പലതരം സമ്മര്‍ദ്ദങ്ങളുടെ ഫലമായി ദില്ലി പോലീസിന്റെ കൈവശമുണ്ടായിരുന്ന തിരുവിതാംകൂര്‍ രാജാവിന്റെ സ്ഥലമായ കപൂര്‍ത്തല പ്ലോട്ടില്‍ നിന്നു രണ്ടേകാലേക്കറോളം സൊസൈറ്റിക്ക്‌ വിട്ടുകൊടുക്കാന്‍ ഉത്തരവായി. അങ്ങിനെ ദില്ലിയിലാദ്യമായി മലയാളികള്‍ക്ക്‌ അവരുടേതായ ഒരുസ്കൂള്‍ തുടങ്ങാന്‍ സാധിച്ചു. ഈ സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു നിര്‍വ്വഹിച്ചത്‌. അന്നത്തെ ആ ചെറിയ കാല്‍വയ്പ്പിന്റെ ഫലമായി, ഇന്ന് ദില്ലിയുടെ പലഭാഗത്തും കേരള സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.

1965-ല്‍ സോവിയറ്റ്‌ എംബസി ഹാത്തീവാലി കോട്ടി ഒഴിഞ്ഞു കൊടുത്തതിനുശേഷം ഒരല്‍പകാലം ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ദില്ലി ഹൈക്കോടതിക്കായിരുന്നു. ഹൈക്കോടതി പട്ട്യാല ഹൗസിലേക്ക്‌ മാറിയപ്പോള്‍ ഒരല്‍പകാലം ഈ കെട്ടിടം ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്നു.

നിരന്തരമായ സമ്മര്‍ദ്ദങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായി 1973-ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കേരളാ സര്‍ക്കാറിനു കൈമാറുകയുണ്ടായി. എങ്കിലും, 1992-ല്‍, അതുവരെ ഈ കെട്ടിടത്തില്‍ വാടകയ്ക്ക്‌ കഴിഞ്ഞിരുന്ന എം.ആര്‍.ടി.പി. കമ്മീഷനും ഒഴിഞ്ഞുപോയതിനു ശേഷമായിരുന്നു, ഈ കെട്ടിടം കേരളാ സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണാധികാരത്തില്‍ വരുന്നത്‌.

1994 മുതല്‍ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക്‌ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറും, പിന്നെ ഈ കെട്ടിടം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന കെല്‍ട്രോണ്‍ എംപ്ലോയീസുമല്ലാതെ മാറ്റാരും, മറ്റൊരോഫീസും ഇവിടെ ഇല്ലായിരുന്നു (കെല്‍ട്രോണിന്റെ, ഉപയോഗശൂന്യമായ പല പാഴ്‌വസ്തുക്കളും സൂക്ഷിക്കുന്ന ഒരു ഗോഡൗണായിട്ടാണവരിന്നും ഈ കെട്ടിടത്തെ കാണുന്നത്‌).

1999-ന്‌ ശേഷം പലരുടെയും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി സര്‍ക്കാറുതന്നെ മുന്‍കൈ എടുത്ത്‌ അവശ്യമായ അറ്റകുറ്റപണികള്‍ ചെയ്ത്‌ ഈ ബംഗ്ലാവിനെ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ നിന്നും രക്ഷിച്ചു ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്‌.

2005 മുതല്‍ അന്നത്തെ Add.Secretary(Retd.) ശ്രീ. എന്‍. ആര്‍. രാജുവിന്റെ നേതൃത്വത്തില്‍ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഉപയോഗശൂന്യമായികിടന്നിരുന്ന സ്ഥലത്ത്‌ ഒരു ആര്‍ട്ട്ഗാലറി പ്രവത്തിപ്പിക്കുന്നതിന്റെയും, ആ സ്ഥലം എക്സ്ബിഷനാവശ്യങ്ങള്‍ക്കായി വാടകയ്ക്ക്‌ കൊടുക്കാനുള്ള പദ്ധതി തയ്യാറാക്കി. അതിനും പല തടസ്സങ്ങളും ആദ്യകാലങ്ങളിലുണ്ടായെങ്കിലും, ഇന്നത്‌ ദില്ലിയിലെ, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാര്‍ട്ട്ഗാലറിയായി അറിയപ്പെടുന്നു. 2008 ഏപ്രില്‍ വരെയുള്ള ബുക്കിംഗ്‌ 2007 മെയ്‌ മാസത്തില്‍ കഴിഞ്ഞിരുന്നു എന്ന് പറഞ്ഞാല്‍ ഇതിന്റെ ഇന്നുള്ള പ്രാധാന്യം മാന്യവായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുമെന്നെ കരുതട്ടെ. കൂടാതെ സ്പോണ്‍സര്‍ഷിപ്പിനത്തിലും വാടകയിനത്തിലും 25 ലക്ഷത്തോളം രൂപ ഇത്ര ചെറിയ കാലയളവില്‍ സമ്പാദിച്ച്കൊടുക്കാനും ഈ സംരഭത്തിനു കഴിഞ്ഞിരിക്കുന്നു എന്നുള്ളത്‌ അഭിനന്ദനാര്‍ഹമാണ്‌. എങ്കിലും മേലാളന്മാരുടെ കണ്ണുതുറന്നിട്ടില്ല. ഈ പൈസപോലും അവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിക്കുല്ലെന്നുള്ളതാണ്‌ പരമാര്‍ത്ഥം.

കപൂര്‍ത്തല പ്ലോട്ടിന്റെ, കേരളാ സ്കൂളിന്‌ വേണ്ടി ദില്ലി സെക്യൂരിറ്റി പോലീസിന്റെ കൈയ്യില്‍ നിന്നും വിട്ടുകിട്ടിയതില്‍, ബാക്കി സ്ഥലവും കൂടി വിട്ടുകിട്ടുന്നതിന്‌ വേണ്ടി സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ദില്ലി പോലീസ്‌ ഈ സ്ഥലത്ത്‌ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ല എന്നും 1993നു മുന്‍പ്‌ ഈ സ്ഥലം കേരളാ സര്‍ക്കാറിന്‌ വിട്ടുകൊടുക്കണമെന്നുമുള്ള ഉത്തരവ്‌ (1990-ല്‍) സമ്പാദിക്കാന്‍ കഴിഞ്ഞു. ഈ നിര്‍ണ്ണായകവിധി പ്രകാരം 1993 മെയ്‌ മാസത്തില്‍ ദില്ലിപോലീസ്‌ ഈ സ്ഥലവും അതിനകത്തുണ്ടായിരുന്ന മരങ്ങളും (ഏകദേശം 100-ഓളം) ദില്ലി ലാന്‍ഡ്‌ ഡവലപ്പ്മെന്റ്‌ കമ്മീഷണര്‍ മുഖാന്തിരം, ബ്രിട്ടീഷുകാര്‍ യുദ്ധാവശ്യങ്ങള്‍ക്കായി പണിത ബാരക്കുകള്‍ക്ക്‌ കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പ്‌ നിശ്ചയിക്കുന്ന വിലനല്‍കണമെന്നും, ഈ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന മരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്നും, ലാന്‍ഡ്‌ & ഡവലപ്പ്മെന്റ്‌ കമ്മീഷണറുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ മരങ്ങള്‍ മുറിക്കരുതെന്നും വ്യവസ്ഥ ചെയ്തുകൊണ്ട്‌ റസിഡന്റ്‌ കമ്മീഷണര്‍ക്ക്‌ കൈമാറുകയും ചെയ്തു.

Sunday, January 20, 2008

ചില ചിതറിയ ചിന്തകള്‍ - ‍മനസ്സിലെ മുറിവ്‌.

മനസ്സിലെ മുറിവ്‌. ഒരു ചെറിയ ചോദ്യം

എനിക്കൊരസുഖമുണ്ട്‌, അതെനിക്കല്ലാതെ ആര്‍ക്കാണാദ്യം അറിയുക? അതെപറ്റി എനിക്കല്ലാതെ ആര്‍ക്കാണ്‌ ഏറ്റവും നന്നായി അറിയാന്‍ കഴിയുക?

ശരീരത്തിനു പുറത്തുള്ള, മുറിവാണെങ്കില്‍, മറ്റൊരാള്‍ക്കത്‌ കണ്ടുപിടിക്കാം. പുറത്തുള്ള മുറിവ്‌ നന്നായി കഴുകി വൃത്തിയാക്കി മരുന്ന്പുരട്ടി ഉണക്കാം.

എന്നാല്‍ അത്‌ മനസ്സിനകത്തുള്ള ഒരു മുറിവാണെങ്കില്‍ എന്തുചെയ്യും?

എന്റെ മനസ്സ്‌ ഏറ്റവും നന്നായി അറിയുന്നത്‌ എനിക്കല്ലാതെ മറ്റാര്‍ക്കാണ്‌. അന്യനൊരാള്‍ക്ക്‌ എന്റെ മനസ്സിലെ മുറിവ്‌ കഴുകാനോ മരുന്നു പുരട്ടാനോ സഹായിക്കാന്‍ (ഒരു പരിധിക്കപ്പുറം) കഴിയില്ല.

മനസ്സിനെ എങ്ങിനെ കഴുകി മരുന്നു പുരട്ടി, മുറിവുണക്കി എടുക്കും?

ഈ മുറിവ്‌ എത്ര ആഴത്തിലുള്ളതാണെന്ന്‌ എങ്ങിനെ അറിയും?

എങ്ങിനെ, എന്തുചെയ്യണം?
************

സമയം
ഓഹ്‌.... ഒന്നിനും സമയം തികയുന്നില്ല! എന്റെ ഒരു പണിയും സമയത്ത്തീര്‍ക്കാന്‍ സാധിക്കുന്നില്ല. നീയിതെങ്ങനെ എല്ലാം കൃത്യമായി ചെയ്തുതീര്‍ക്കുന്നു?

എന്ത്‌? സമയം തികയുന്നില്ലെന്നോ...? നിനക്കുള്ളതിനെക്കാള്‍ ഒട്ടും തന്നെ കൂടുതല്‍ സമയം എനിക്കില്ല.

ജനനം മുതല്‍ മരണം വരെ, സമയം, നമ്മുടെ കൂടെ നിഴലു പോലെയുണ്ട്‌. നമ്മുടെ ഒരുകാര്യത്തിലും ഇടപെടില്ല, സഹായമില്ല എന്നാല്‍ ഉപദ്രവമൊട്ടുമില്ല, പലപ്പോഴും നമുക്ക്‌ അങ്ങിനെ തോന്നുന്നുവെങ്കിലും.

സമയത്തെ തടഞ്ഞുനിര്‍ത്താനോ, വേഗം നടത്താനൊ സാധിക്കില്ല.

സമയമങ്ങിനെ തെന്നിനീങ്ങുന്നു. സമയ സൂചികയിലെ നിമിഷസൂചി പോലെ. ഒരു മാത്ര പോലും വിശ്രമമില്ലാതെ, ഒരു ചുവടുപോലും പിഴയ്ക്കാതെ. ഒരു വിട്ടുവീഴ്ചയുമില്ലാതെ.ഇതിനിടയില്‍, നമുക്കാവശ്യമുള്ള സമയം നാം തന്നെ കണ്ടെത്തേണ്ടതുണ്ട്‌.

നഷ്ടപ്പെടുന്ന ഒരുനിമിഷം പോലും തിരിച്ചു കിട്ടില്ലെന്ന അറിവോടെ......!!!!

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!