Tuesday, March 27, 2007

തീവ്രവാദികള്‍

ആയുധം കൈയിലില്ലാതെ അടരാടുന്നതെങ്ങനെ എന്ന ചോദ്യം വളരെ പഴയതാണ്. ആയുധം കൈയിലുള്ളപ്പോള്‍ അടരാടാതെയെങ്ങിനെ എന്ന് അനുഭവം തിരുത്തിയെടുത്തിരിക്കുന്നു.

അമ്പും വില്ലും വാളും മാത്രം ഉണ്ടായിരുന്ന കാലത്തുനിന്ന് ഏറ്റവും എളുപ്പത്തില്‍ ഏറ്റവും കൂടുതല്‍ജീവികളെ കൊന്നൊടുക്കാടുക്കാനുള്ള വിദ്യവളര്‍ത്തിയെടുത്ത് അതിനെ ശാസ്ത്രപുരോഗതിയെന്ന് വിളിച്ച് നാണക്കേടു മറക്കുന്ന കൌശലക്കാരനാകാന്‍ മനുഷ്യനു മടിയില്ലാതായിരിക്കുന്നു. ശാസ്ത്രം നമ്മെ ചാകാതെ കിടക്കാന്‍ പല വിധത്തില്‍ സഹായിക്കുകയും എന്നിട്ട് കൂട്ടമായികൊല്ലുകയും ചെയ്യുന്നു.

സഹജാവയത്തില്‍ കവിഞ്ഞ ഒന്നിന്‍റെയും സഹായത്തോടെ മറ്റൊരു ജീവിയും ഭൂമുഖത്ത് ആത്മരക്ഷയും ഉപജീവനവും നടത്തുന്നില്ലെന്നിരിക്കേമനുഷ്യന്‍ മാത്രം ആ അതിക്രമം ചെയ്തു.

മനുഷ്യദു:ഖങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന സ്വപന സാക്ഷാല്‍കാരത്തിനായി ആയുധം കൈയിലേന്തിയവരാണ് പഴയകാലത്തുള്ളപലരും. എന്നാല്‍ ഇന്ന് ആയുധത്തിലുള്ള വിശ്വാസം ഒന്നു കൊണ്ട് മാത്രം തീവ്രവാദികളായവരാണധികവും. തീവ്രവാദികളില്‍ പലരുംസ്വപ്നസാക്ഷാല്‍ക്കാരത്തിനായല്ല, ഒരു സ്വപ്നത്തിന്‍റെ ചാരവുമായാണ് യാത്ര തുടങ്ങുന്നത്. മതത്തിനു വേണ്ടിയാണ് കൊല്ലുന്നതും മരിക്കുന്നതെന്നു കരുതുന്നവരുടെ മനസ്സില്‍ പോലും ഈ സ്വപ്നത്തിന്‍റെ ചാരമുണ്ട്.

ആധുനിക ആയുധങ്ങള്‍ ധാരാളമായി കിട്ടാനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് എതിര്‍പ്പിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പ്രതികാരത്തിന്‍റെയും രീതികളില്‍ ഇത്രയേറെ മാറ്റമുണ്ടായത്.

ഹിംസയും ഭയവും പകയും തമ്മിലുള്ള ബന്ധമാണ് ഇവിടെ പ്രസക്തമായ കാര്യം. കൊന്നും ജയിച്ചും മുന്നേറുന്ന മനുഷ്യന്‍ ഹിംസയുടെ വിജയം ആഘോഷിക്കുമ്പോള്‍ സ്വന്തം മുഖച്ഛായ മാറിപ്പോകുന്നതറിയുന്നില്ല. നന്മയുടെ നിലാവു പരക്കുന്നിടത്തേ സൌന്ദര്യമുള്ളൂ എന്നവന്‍ അറിയുന്നില്ല. നന്മയാകട്ടെ ധീരവും സ്വതന്ത്രവുമായ ആത്മാവിനു മാത്രം വിധിച്ചിരിക്കുന്നു.

ആയുധവും ക്രൂരതയും ഭീരുവിന്‍റെ അടയാളമാണ് എന്ന തിരിച്ചറിവ് എന്നാണ് നമുക്ക് കൈവരിക. ആയുധം കുന്നുകൂടുമ്പോള്‍ തീര്‍ച്ചപ്പെടുത്താം മനുഷ്യനില്‍ ഭയം വര്‍ദ്ധിച്ചിരിക്കുന്നു, അവന്‍റെ ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. ഹിംസ എന്തിനെങ്കിലും പരിഹാരമായിരുന്നോ? ആയിരുന്നെന്നും ആണെന്നുമുള്ള അബദ്ധധാരണയില്‍ നിന്നാണ് എല്ലാ തെറ്റുകളുടെയും തുടക്കം. ഏറ്റവും വലിയ അധാര്‍മ്മികയായ ഭയത്തില്‍നിന്നുടലെടുക്കുന്നു ഹിംസ. ശത്രുവിന് നേരെ ഉന്നം പിടിച്ചിരിക്കുന്ന ആയുധം തന്‍റെ നേരെയാണ് തിരിഞ്ഞിരിക്കുന്നതെന്നറിയാന്‍ ഓരോരുത്തരുംവളരെ വൈകുന്നു.

സ്വാതന്ത്ര്യം നിലനില്‍ക്കെ ഒരു സമുദായത്തില്‍ സമത്വം വേണമെങ്കില്‍ ആധുനിക മനുഷ്യന്‍റെ ജീവിത ദര്‍ശ്ശനം അടിമുടി മാറണം. ഈ ആശയം ഒരു പ്രസ്ഥാനമേ ആകാവൂ, ഒരു സംഘടനയോ പാര്‍ട്ടിയോ ആയിക്കൂടാ.

സി.രാധാകൃഷ്ണന്‍: കൂടുതലറിയാന്‍

10 comments:

സുഗതരാജ് പലേരി said...

ഒരു പുതിയ പോസ്റ്റ്. സി.രാധാകൃഷ്ണന്‍റെ നോവല്‍ പരമ്പരകളിലുടെ ഒരു യാത്ര.

ആയുധവും ക്രൂരതയും ഭീരുവിന്‍റെ അടയാളമാണ് എന്ന തിരിച്ചറിവ് എന്നാണ് നമുക്ക് കൈവരിക. ആയുധം കുന്നുകൂടുമ്പോള്‍ തീര്‍ച്ചപ്പെടുത്താം മനുഷ്യനില്‍ ഭയം വര്‍ദ്ധിച്ചിരിക്കുന്നു, അവന്‍റെ ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. ഹിംസ എന്തിനെങ്കിലും പരിഹാരമായിരുന്നോ? ആയിരുന്നെന്നും ആണെന്നുമുള്ള അബദ്ധധാരണയില്‍ നിന്നാണ് എല്ലാ തെറ്റുകളുടെയും തുടക്കം. ഏറ്റവും വലിയ അധാര്‍മ്മികയായ ഭയത്തില്‍നിന്നുടലെടുക്കുന്നു ഹിംസ. ശത്രുവിന് നേരെ ഉന്നം പിടിച്ചിരിക്കുന്ന ആയുധം തന്‍റെ നേരെയാണ് തിരിഞ്ഞിരിക്കുന്നതെന്നറിയാന്‍ ഓരോരുത്തരുംവളരെ വൈകുന്നു.

Rasheed Chalil said...

അത് തന്നെയാണ് സത്യം. ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിച്ച് കൂട്ടുന്നവന്‍ തന്നെ ഏറ്റവും വലിയ ഭീരു. ഞാനല്ലാത്തവരെല്ലാം എന്റെ ശത്രുകളാണ് എന്ന മിഥ്യാബോധം കൂടുതല്‍ വേട്ടയാടാനും കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കാനും കരണീയമാവുന്നു.

തികച്ചും പുതുമയുള്ള നല്ല ലേഖനം. സുഗതരാജ് അഭിനന്ദങ്ങള്‍.

ഓടോ : അരെങ്കിലും അടുത്തുകൂടെ പോയാല്‍ അക്രമിക്കാന്‍ വരുന്ന പോത്തിനെ കണ്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു... ആ പോത്തിന്റെ ഒരു ധൈര്യം. ഒരാളേയും വകവെക്കുന്നില്ലല്ലോ. ഉടന്‍ തന്നെ എന്റെ പിതാവ് അത് തിരുത്തി. അത് ധൈര്യം കൊണ്ടല്ല... പേടികൊണ്ടാണെന്ന്... അത് കൊണ്ടാണ് ഒരു പ്രാണിയെപ്പോലും അത് സംശയത്തോടെ നോക്കുന്നത്.

തറവാടി said...

"ശാസ്ത്രം നമ്മെ ചാകാതെ കിടക്കാന്‍ പല വിധത്തില്‍ സഹായിക്കുകയും എന്നിട്ട് കൂട്ടമായികൊല്ലുകയും ചെയ്യുന്നു."

ഈ കുറിപ്പിന്‍റ്റെ ഹൈ ലൈറ്റ്

G.MANU said...

പലേരിജി.. നന്നായി ഇല്ലായ്മ ചെയ്യുക എന്നതു ദൈവം പറഞ്ഞുകൊടുത്തതാവും മനുഷ്യനു. പുഴുവിനെ കോഴിയും കോഴിയെ കുറുക്കനും, കുറുക്കനെ സിംഹവും..എന്തിനു ആള്‍മൈറ്റി ഇങ്ങനെയൊക്കെ പ്രപഞ്ചം ഉണ്ടാക്കി എന്നാണു എണ്റ്റെ ചോദ്യം. ഒരു നായക്കു മറ്റൊന്നിനെ കടിച്ചുകീറാന്‍ എന്തിനു അതിണ്റ്റെ ജീനില്‍ പ്രോഗ്രാം ഉണ്ടാക്കി.. എല്ലാം സൃഷ്ടിച്ചവന്‍ എന്തിനു രാക്ഷസനേയും സൃഷ്ടിച്ചു. ദൈവത്തെ കണ്ടാല്‍ ആദ്യം ഞാന്‍ ഇതാവും ചോദിക്കുന്നത്‌

sandoz said...

പലേരീ...നന്നാവുന്നു...തുടരുക....

സു | Su said...

സുഗതരാജ് :) നോവലുകളിലൂടെയുള്ള യാത്ര തുടരൂ.

വിചാരം said...

പലേരി .. ലേഖനം വളരെ കാര്യമാത്രപ്രസക്തമായവ കാലികവും, തീവ്രവാദി എന്നാല്‍ അതൊരു തെറ്റായ പദമാണോ ? തെറ്റായ പ്രവര്‍ത്തികള്‍ അവയ്ക്കുമേല്‍ അടിച്ചേല്‍‍പ്പിച്ചതല്ലേ, ഒരു കാര്യത്തെ വളരെ ശക്തമായി ഉന്നയിക്കുന്നവന്‍ എന്നുമാത്രമല്ലേ അതിനര്‍ത്ഥമൊള്ളൂ(സംശയം) അതിനെ ഹിംസാത്മകമായ പ്രവര്‍ത്തി ചെയ്യുന്നവന്‍ എന്നൊരു അര്‍ത്ഥം എങ്ങനെ ആര്‍ ഉണ്ടാക്കി ?
ആയുധമേന്തുന്നവന്‍ തികച്ചും ഭീരുതന്നെ, ആയുധം മതമുദ്രയാക്കിയവരുണ്ട് നമ്മുടെ നാട്ടില്‍ പല മതങ്ങളും ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട് ദൈവത്തിന്‍റെ പേരില്‍ ദൈവം ഇവരോട് പറഞ്ഞിരിന്നുവോ നിങ്ങള്‍ വാളെടുക്കാന്‍ , സ്വന്ഥം സാമ്രാജ്യം സൃഷ്ടിക്കാന്‍ മതം വഴി ദൈവത്തെ കൂട്ടുപിടിച്ചു അതില്‍ ചിലര്‍ അജയരായി മറ്റു ചിലര്‍ പരാജയപ്പെട്ടു, ബുഷ് ഇറാഖിനെ ആക്രമിച്ചപ്പോള്‍ പറഞ്ഞു ദൈവത്തിന്‍റെ ആഗ്രഹം ഞാന്‍ നിറവേറ്റിയെന്ന്, ബുഷിന്‍റെ ആള്‍ക്കാരെ കൊന്നൊടുക്കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നു പറഞ്ഞു മതവാദികള്‍ ചിലരെ മനുഷ്യബോംബാക്കി മനുഷ്യരെ കൊന്നൊടുക്കുന്നു, താനൂരും തിരൂരും കോട്ടക്കലും പരസ്പരം കൊല്ലുന്നു രണ്ടാളും പറയുന്നു .. കാഫറിനെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് .. ആരാണ് കാഫിര്‍ .. കാഫിര്‍ എന്നാല്‍ അവിശ്വാസി എന്നാണര്‍ത്ഥം അങ്ങനെവന്നാല്‍ ഒരാള്‍ക്ക് മറ്റൊരാള്‍ കാഫിര്‍ തന്നെയല്ലേ .. ( ഒരു മത വിശ്വാസിക്ക് മറ്റൊരു മതവിശ്വാസി എന്നും കാഫിറായിരിക്കും )കാഫിറിനെ കൊല്ലാന്‍ എവിടെയാ ദൈവം പറഞ്ഞിട്ടുള്ളത് ? ദൈവത്തെ ഇതുവരെ കണ്ടവരാരുമില്ല സ്വയം ദൈവമാവുകയല്ലാതെ ,മനുഷ്യന്‍റെ ഹിംസാത്മകമായ സ്വരൂപമാണ് രാക്ഷസന്‍ അല്ലാതെ ദൈവം രാക്ഷസന്‍ എന്നൊരു വര്‍ഗ്ഗത്തെ ഇതുവരെ പടച്ചതായി തെളിഞ്ഞിട്ടില്ല
സുഗതരാജ് നമ്മള്‍ എത്ര എഴുതിയാലും ചെയ്യേണ്ടവര്‍ ചെയ്തുകൊണ്ടിരിക്കും അതിനൊരുവസാനം ഓരോരുത്തരുടേയും അവസാനത്തില്‍ അവസാനിക്കും

മഴത്തുള്ളി said...

സുഗതരാജ്,

തീവ്രവാദികള്‍ എന്ന ടൈറ്റില്‍ കണ്ടപ്പോഴേ എന്റെ ഓഫീസിലെ ഒരു പ്യൂണ്‍ തന്റെ മൊബൈലില്‍ എനിക്കു കാണിച്ചുതന്ന വീഡിയോ ക്ലിപ്പിംഗ് ഓര്‍മ്മ വന്നു. അവന്റെ ഏതോ ഒരു സുഹൃത്ത് ഒരു സംഭവം തന്റെ മൊബൈലില്‍ പിടിച്ച് അവന് അയച്ചു കൊടുത്തതാണ്. കുറെ ഗുണ്ടകള്‍ കൂടി ഒരുത്തനെ ഓടിച്ചിട്ടു പിടിക്കുന്നതും അവന്‍ അവരോട് കൈ കൂപ്പുന്നതും ഒരുത്തന്‍ കോഴിയെ കൊല്ലുന്ന ലാഘവത്തോടെ ഒരു വാള്‍ കൊണ്ട് ..........

ഹൃദയഭേദകമായിരുന്നു ആ കാഴ്ച. കുറെ നേരത്തേക്ക് എനിക്ക് ഒന്നും മിണ്ടാനാവാത്ത അവസ്ഥ. അവന്‍ അതാണ് കാണിക്കാന്‍ പോകുന്നതെന്ന് പറയാതെ പെട്ടെന്ന് വന്ന് അതെന്നെ കാണിച്ചതാണ്. അല്ലെങ്കില്‍ ഞാന്‍ അത് കാണുമായിരുന്നില്ല :(

സുഗതരാജ് പറഞ്ഞത് വളരെ ശരിയാണ്. ചിലര്‍ പാവങ്ങളെ ഇങ്ങനെ കൂട്ടക്കുരുതി നടത്തുമ്പോള്‍ അതേ ആയുധം തന്‍റെ നേരെയും ഒരു നാള്‍ തിരിയുമെന്ന് അവനറിയുന്നില്ല.

Kaippally said...

"ശാസ്ത്രം നമ്മെ ചാകാതെ കിടക്കാന്‍ പല വിധത്തില്‍ സഹായിക്കുകയും എന്നിട്ട് കൂട്ടമായികൊല്ലുകയും ചെയ്യുന്നു."

ശാസ്ത്രമല്ല, മനുഷ്യര്‍ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്തി ജനങ്ങളെ കൊല്ലുന്നു എന്നാണു് എന്റെ അഭിപ്രായം.


ആയുധം ഇല്ലാത്ത ഒരവസ്ഥ എങ്ങനെ സങ്കല്പിക്കാന്‍ ആവും. പട്ടാളത്തിനും പോലിസിനും ഒന്നും ആയുധം വേണ്ടെ. ഇങ്ങോട്ട് ചെവിക്കുറ്റിക്കിട്ടടിച്ചാല്‍ അങ്ങോട്ട് നോക്കി പ്രസിങ്ങിക്കാന്‍ പറ്റില്ലല്ലോ.

ആയുധങ്ങള്‍ ഒരിക്കലും നമുക്ക് ഒഴിവാക്കാന്‍ കഴിയില്ല. അവയുടെ ഉപയോഗങ്ങള്‍ നിയന്ത്രിക്കാം എന്നു മാത്രം.

മാറ്റങ്ങള്‍ വരേണ്ടത് ചിന്താഗതികളിലാണു.

ഇന്ന് ലോകതിലുള്ള എല്ലാ (അതെ എല്ലാ) സാങ്കേതിക വികസനങ്ങളും Military and Defence നും വേണ്ടിയായിരുന്നു. തീ മുതല്‍ internet വരെ പ്രതിരോധത്തിന്റെ പരിണതഫലമാണു. അവരാണു ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുകയും. പണം ചിലവാക്കി ഓരെ ആശയങ്ങളേയും വളര്‍ത്തി എടുത്തത്. ഇന്ന് ലോകത്തുള്ള ഏറ്റവും ബൃഹത്തായ തലകള്‍ പ്രവര്‍ത്തിക്കുന്നതും Military & Defence R&D facilitiesലാണു. അവര്‍ ഉപയോഗിച്ച് de-classify ചെയ്തു് ഉപേക്ഷിക്കുന്ന വെറും scrap ആണു വീണ്ടും പോതുജനങ്ങള്‍ക്കുവേണ്ടി ലഭ്യമാക്കുന്നത്. CD-Romഉം Micro-chip ഉം. TV, യും Laser beamഉം. എന്നു വേണ്ട സര്വത്ര വികസനങ്ങളും defenceനു വേണ്ടിയാണു ഉണ്ടായിട്ടുള്ളത്.

ആയുധം കൊല്ലാന്‍ മാത്രമുള്ളതല്ല. അതിന്റെ വികസനത്തിനു വേണ്ടി പണം ചിലവാക്കിയില്ലെങ്കില്‍ ഇന്ന് നമുക്ക് ചുറ്റും ഒന്നുമില്ല. അതാണു നമുക്ക അങ്കീകരിക്കാന്‍ പറ്റാത്ത സത്യം.

ആയുധങ്ങള്‍ ഉണ്ടാവട്ടേ. പ്രതിരോധ വികസനങ്ങളുണ്ടാവട്ടേ. ശാസ്ത്രം വളരട്ടെ.

രഘുനാഥ് പലേരി said...

I just read your blog. It's good and writings are touching. regards/ raghunathpaleri@gmail.com

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!