Thursday, February 21, 2008

ദില്ലി വിശേഷങ്ങള്‍‍ - മുഗള്‍ ഗാര്‍ഡന്‍.

ദില്ലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌ മുഗള്‍ ഗാര്‍ഡന്‍. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ദില്ലി സന്ദര്‍ശനത്തിനു വരുന്നവര്‍ ഒരിക്കലും ഒഴിവാക്കാത്ത സ്ഥലം.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും പൊതുജനങ്ങള്‍ക്കായി ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 24 വരെ തുറന്നുകൊടുത്തിരിക്കുന്നു. എല്ലാ തിങ്കളാഴ്ചകളും, മാര്‍ച്ച് 21-22 ഉം മാത്രമായിരിക്കും അവധി ദിവസങ്ങള്‍.
പ്രവേശന സമയം രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെയാണ്‌.

രാഷ്ട്രപതിഭവനകത്ത് 15 ഏക്കറോളം സ്ഥലത്ത് വിശാലമായി പരന്നുകിടക്കുന്ന ഈ മനോഹര ഉദ്യാനം സര്‍ എഡ്വിന്‍ അല്യൂട്ടിയെന്ന മഹാപ്രതിഭയുടെ സംഭാവനയാണ്. 1911-ല്‍ ന്യൂ ഡല്‍ഹിയുടെ നിര്‍മ്മാണസമയത്ത് ലേഡി ഹാര്‍ഡിംഗിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ഉദ്യാനം പണികഴിപ്പിച്ചത്. ജമ്മു-കാശ്മീരിലെയും, താജ്മഹലിനു ചുറ്റുമുള്ള മനോഹരമായ പൂന്തോട്ടങ്ങളുടെയും മാതൃകയില്‍, മധ്യകാല ഇന്ത്യന്‍/ പേര്‍ഷ്യന്‍ ചുവര്‍ച്ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണീ ഉദ്യാനം.

15 ഏക്കറിലുള്ള ഈ പൂന്തോട്ടത്തെ ദീര്‍ഘചതുരാകൃതിയിലും, നീളത്തിലും പിന്നെ വൃത്താകൃതിയിലുമുള്ള മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മുഗള്‍ ശൈലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്, ബ്രിട്ടീഷ് പാരമ്പര്യരീതിയിലുള്ള നിര്‍മ്മാണ രീതിയാണിതിനവലംഭിച്ചിരിക്കുന്നത്. മുഗള്‍ ശൈലിയിലുള്ള ജലധാരായന്ത്രങ്ങളും, തോടുകളും (കനാല്‍/ നഹര്‍), മട്ടുപ്പവുകളോടുകൂടിയ ചെറിയ വിശ്രമ സങ്കേതങ്ങളും ഈ പൂന്തോട്ടത്തിന് ഏറെ ഭംഗി പകരുന്നു. മുഗള്‍ ശൈലിക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുത്തു നിര്‍മ്മിച്ചതുകൊണ്ടായിരിക്കാം ഈ ഉദ്യാനത്തിന്‌ 'മുഗള്‍ ഗാര്‍ഡന്‍' എന്ന പേര്‍്‌ ലഭിച്ചത്.

രാഷ്ട്രപതി ഭവന്‍റെ പ്രധാന കെട്ടിടവുമായി ഏറ്റവുമടുത്തുനില്‍ക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള പൂന്തോട്ടമാണ്‌ ഇവയില്‍ പ്രധാനം. ഈ പൂന്തോട്ടത്തെ 4 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോഭാഗവും വിശാലമായ പുല്‍ത്തകിടിയും ജലധാരായന്ത്രങ്ങളും മട്ടുപ്പാവുകളോടുകൂടിയ ചെറിയ കെട്ടിടങ്ങളും കൊണ്ട് മോടികൂട്ടിയിരിക്കുന്നു. ഈ ഉദ്യാനത്തിലെ പ്രധാന മൈതാനത്താണ്‌ രാഷ്ട്രപതിയുടെ ഔദ്യോഗിക സല്‍ക്കാരങ്ങള്‍ നടത്താറുള്ളത്.

രണ്ടാമത്തെ 'ലോങ് ഗാര്‍ഡന്‍' എന്നറിയപ്പെടുന്ന പൂന്തോട്ടം പ്രധാനമായും, മൂന്നാമത്തെ ഉദ്യാനമായ 'സര്‍ക്കുലര്‍ ഗാര്‍ഡനിലേ'ക്കുള്ള നടപ്പാതയുടെ ഇരു ഭാഗവുമാണ്. വൃത്താകൃതിയിലുള്ള മൂന്നാമത്തെ പൂന്തോട്ടം 'പേള്‍ ഗാര്‍ഡന്‍' എന്നും 'ബട്ടര്‍ ഫ്ലൈ ഗാര്‍ഡന്‍' എന്നും അറിയപ്പെടാറുണ്ട്.

ചെങ്കോട്ടയുടെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന തരം ചുവന്ന കല്ലുപാളികളില്‍, വലിയ മൂന്ന് തട്ടുകളോടുകൂടിയ, താമര ഇലകള്‍ക്ക് സമാനാകൃതിയില്‍ പണിത വലിയ ജലധാരായന്ത്രങ്ങളിലേക്ക് ചെന്നെത്തുന്ന നാല്‌ ജലവഴികള്‍ ഈ പൂന്തോട്ടങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഭംഗി അനിര്‍വചനീയമാണ്‌.

ഇതിനൊക്കെ പുറമെ, നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന 'മ്യൂസിക്കല്‍ ഗാര്‍ഡന്‍' സന്ദര്‍ശ്ശകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേശഭക്തി ഗാനത്തിനും, ഷഹ്‌നായി സംഗീതത്തിനുമനുസരിച്ച് നൃത്തം ചെയ്യുന്ന വലിയ മൂന്ന് ജലധാരായന്ത്രങ്ങളാണ്‌ ഇവിടത്തെ പ്രധാനാകര്‍ഷണം. വെള്ളവും വെളിച്ചവും സംഗീതവും വളരെ ഭംഗിയായി സമന്വയിപ്പിച്ചിരിക്കുന്ന ഈ ഗാര്‍ഡന്‍ വളരെ നല്ല ഒരു ദൃശ്യശ്രാവ്യാനുഭൂതി നല്‍കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 135ഓളം വിഭിന്നങ്ങളായ റോസാചെടികളാണീ ഉദ്യാനത്തിന്‍റെ പ്രധാന സവിശേഷത (സവിശേഷതകളിലൊന്നു മാത്രം). അതില്‍ തന്നെ 7ഓളം പുതിയ ഇനങ്ങള്‍ ഈ വര്‍ഷത്തെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.

ചര്‍ച്ച് റോഡിന്‍റെ അവസാനത്തിലുള്ള, പ്രസിഡണ്ട് എസ്റ്റേറ്റിന്‍റെ, 35ആം നമ്പര്‍ ഗേറ്റാണ്‌ ഈ പൂന്തോട്ടത്തിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പോക്കുവരവിനായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ശാരീരിക വൈകല്യം മൂലം വീല്‍ചെയറുകളുപയോഗിക്കേണ്ടവര്‍ക്കായി രാഷ്ട്രപതിഭവന്‍റെ സ്വീകരണഹാളിലൂടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: വെള്ളം, ഭക്ഷണസാധനങ്ങള്‍, പര്‍സ്, സ്ത്രീകളുടെ 'പൊങ്ങച്ച സഞ്ചി', ക്യാമറ, സെല്‍ ഫോണ്‍, കുട മുതലായ ഒരുവിധ സാധനങ്ങളും പൂന്തോട്ടത്തിനകത്തേക്ക് കൊണ്ടു പോകാനനുവദിക്കുന്നതല്ല. അത്തരം വസ്തുക്കള്‍, ആരെങ്കിലും കൂടെ കരുതിയിട്ടുണ്ടെങ്കില്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രവേശനകവാടത്തിനു പുറത്ത് വയ്ക്കേണ്ടതാകുന്നു.
===============================================================
കൂടുതല്‍ വിവരങ്ങള്‍
ഇവിടെ ലഭിക്കും.

Wednesday, February 13, 2008

നിത്യോപയോഗ സാധനങ്ങള്‍

നമ്മള്‍ ദൈനംദിന ജീവിതത്തിലുപയോഗിക്കുന്ന ചില അവശ്യവസ്തുക്കളുടെ പേരുകള്‍ ചിലപ്പോള്‍, നമുക്ക് (പ്രത്യേകിച്ച് കേരളത്തിനു പുറത്ത് താമസിക്കുന്ന 'എന്നെപ്പോലെയുള്ളവര്‍ക്ക്'!!) ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മലയാളത്തില്‍ മാത്രമായിരിക്കും അറിയുക. അങ്ങിനെ ചില വസ്തുക്കളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇവിടെ ഇടുന്നു. ഇതില്‍ ഉള്‍പ്പെടാത്തവ ഇതു വായിക്കുന്നവര്‍ കമന്‍റില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Bengal Gram - കടല
Green Gram - ചെറുപയര്‍
Red Gram - തുവര പരിപ്പ്
Black Gram - ഉഴുന്ന് പരിപ്പ്
Gram Flour - കടല മാവ്
Brinjal - വഴുതിനിങ്ങ
Cabbage - മുട്ടക്കോസ്
Coriander leaves - മല്ലി ഇല (മല്ലിച്ചപ്പ്)
Coconut - തേങ്ങ
Mint Leaves - പുതിന
Green Peas - പച്ചപ്പട്ടാണി കടല
Lemon - ചെറുനാരങ്ങ
Onion - ഉള്ളി
Garlic - വെളുത്തുള്ളി
Potato - ഉരുളക്കിഴങ്ങു
Tomato - തക്കാളി
Banana - വാഴപ്പഴം
Pineapple - കൈതചക്ക
Mango - മാങ്ങ
Grapes - മുന്തിരിങ്ങ
Aniseed - കരിം ജീരകം
Asafoetida - കായം
Bay Leaf - കറുവ ഇല
Black Pepper - കുരുമുളക്
Cardamom - ഏലക്ക
Cinnamon - പട്ട
Cloves - കരിയാമ്പ്
Coriander Seeds - മല്ലി (കൊത്തമ്പാരി - മലബാര്‍ ഭാഷ)
Cumin Seeds - ജീരകം
Curry leaves - കറിവേപ്പില
Cashewnuts - കശുവണ്ടി
Fennel - പെരുംജീരകം
Fenugreek - ഉലുവ
Garlic - വെളുത്തുള്ളി
Ginger - ഇഞ്ചി
Jaggery - ശര്‍ക്കര (വെല്ലം - മലബാര്‍ ഭാഷ)
Mustard - കടുക്‌
Poppy Seeds - കസ് കസ്
Red Chillies - ചുവന്നമുളക്
Raisins - ഉണക്ക മുന്തിരി
Tamarind - പുളി
Turmeric powder - മഞ്ഞള്‍ പൊടി
Yogurt - തൈര്
Rice (Raw) - പച്ചരി
Rice (Boiled) - പുഴുങ്ങരി
Semolina - റവ
Vermicelli - സേമിയ

ഇതു തന്നെ ഇംഗ്ലീഷില്‍ എഴുതിയത് നിങ്ങള്‍ക്ക് ഈ വെബ് സൈറ്റില്‍ ലഭിക്കും. അവിടെ ഇതു കൂടാതെ പ്രവാസിഭാരതീയര്‍ക്കുപകാരപ്രദമായ മറ്റനേകം വിവരങ്ങളും ലഭിക്കും.

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!