Friday, January 25, 2008

ദില്ലി വിശേഷങ്ങള്‍ - ട്രാവന്‍കൂര്‍ ഹൗസ്‌ (ചരിത്രം),

നഗരമധ്യത്തില്‍, കണ്ണായ സ്ഥലത്ത്‌, ഏഴര ഏക്കറോളം ഭൂമിയും അതില്‍ 20,000 ചതു.അടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഇരുനില മാളികയും. ഇതാണ്‌ കേരളാ സര്‍ക്കാറിന്റെ അധീനതയിലുള്ള ദില്ലിയിലെ മറ്റൊരു പ്രധാന 'വസ്തു'.


കേരളാ ഹൗസിനുള്ളതുപോലെ
തന്നെ വളരെ ചരിത്രപരമായ പ്രാധാന്യം ഈ ട്രാവന്‍കൂര്‍ ഹൗസിനുമുണ്ട്‌. ട്രാവന്‍കൂര്‍ ഹൗസ്‌ കേരളാ സര്‍ക്കാറിന്റെ പൂര്‍ണ്ണ അധികാരത്തില്‍ എത്തിയത്‌, കേരളാ ഹൗസ്‌, കേരളാ സര്‍ക്കാറിന്‌ കിട്ടിയതുപോലെ അത്ര എളുപ്പമായിരുന്നില്ല . ഒരുപാട്‌ വര്‍ഷത്തെ നിയമയുദ്ധവും ഒരു പാട്‌ പേരുടെ പരിശ്രമവും ഇതിന്റെ പിന്നിലുണ്ട്‌.

ആരു കണ്ടാലും ഒന്നു നോക്കി, അത്ഭുതം കൂറി, നിന്നു പോകും. അത്ര മനോഹരം. മഹാനഗരത്തില്‍ ഇത്രയും സ്ഥലവും സൗകര്യവുമുണ്ടായിട്ടും അത്‌ വേണ്ടവണ്ണം ഉപയോഗിക്കാതിരിക്കാന്‍ നമ്മുടെ സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കാണ്‌ സാധിക്കുക.

കാലഘട്ടം 1923. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ലാഹോറിലേക്ക്‌ തിരിച്ചുപോയ ജോലിക്കാരേയും കൂട്ടി സുയാന്‍ സിംഗും മകന്‍ ശോഭന്‍ സിംഗും കുടുംബത്തോടെ ദില്ലിയില്‍ തിരിച്ചെത്തി സ്ഥിരതാമസമാരംഭിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തുന്ന കാലഘട്ടത്തെക്കുറിച്ചൊക്കെ വിശദമായി കഴിഞ്ഞ ഭാഗത്തില്‍ വിവരിച്ചിരുന്നല്ലോ.

പട്ട്യാല മഹരാജാവിനു വേണ്ടി, സുയാന്‍ സിംഗിന്റെ മേല്‍നോട്ടത്തില്‍ ഈ ബംഗ്ലാവ്‌ പണികഴിച്ചപ്പോള്‍, ഇതൊരര്‍ദ്ധവൃത്താകൃതിയുള്ള കെട്ടിടമായിരുന്നു. ഇന്ത്യാ ഗേറ്റിനരികിലുള്ള പട്ട്യാലാ ഹൗസില്‍ താമസിച്ചിരുന്ന മഹാരാജാവ്‌ പലപ്പോഴും ദര്‍ബാര്‍ കൂടുന്നതിനും, ചില സന്ധ്യകളില്‍ വിനോദത്തിനുമായി(??) ഒരുക്കിവച്ചിരുന്ന സ്ഥലമായിരുന്നു ഈ ബംഗ്ലാവ്‌ എന്നാണ്‌ ചരിത്രം. മഹാരാജാവിന്റെ ഭടന്‍മാരും, കുതിരപ്പടയും മറ്റും താമസിച്ചിരുന്നത്‌ ഈ ബംഗ്ലാവിനോട്‌ ചേര്‍ന്ന് കിടക്കുന്ന കപൂര്‍ത്തല പ്ലോട്ട്‌ എന്ന സ്ഥലത്തായിരുന്നു.

മഹാരാജാവിന്റെ ഇഷ്ടക്കാരികളില്‍ പലരും ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു. അവരിലൊരുവള്‍ക്ക്‌ ഈ ബംഗ്ലാവ്‌, പിന്നീട്‌ ഇഷ്ടദാനമായി നല്‍കുകയും, അവര്‍ക്ക്‌ ഇവിടെ സ്ഥിരതാമസമാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ഇത്‌ വിറ്റ്‌ കിട്ടുന്ന പൈസയുമായി സ്വന്തം ജന്മദേശമായ ലഖ്നൗവിലേക്ക്‌ തിരിച്ചു പോകുന്നതിനെക്കുറിച്ചാലോചിക്കുകയുമുണ്ടായി.

ഈ വിവരം കൊച്ചിരാജാവിന്റെ ദിവാനായ ഷണ്മുഖം ചെട്ടിയാര്‍ വഴി, മഹാനഗരത്തില്‍ സ്വന്തമായി ഒരല്‍പം 'വസ്തു' വാങ്ങാനുള്ള മാസ്റ്റര്‍പ്ലാനും തയ്യാറാക്കിയിരിക്കുന്ന, തിരുവിതാംകൂര്‍ രാജാവറിയുകയും ചെയ്തു.അങ്ങിനെ, ചെട്ടിയാരുടെ ശ്രമഫലമായി, തിരുവിതാംകൂര്‍ മഹാരാജാവും ദില്ലിയില്‍ സ്വന്തമായി ഒരുപിടി മണ്ണും, ഒരു ബംഗ്ലാവും സ്വന്തമാക്കി. വാങ്ങിയ കാലഘട്ടവും, വിലയും വ്യക്തമായി അറിയില്ലെങ്കിലും, വളരെ നിസ്സാരവിലയ്ക്കായിരുന്നു എന്നതരമനരഹസ്യമല്ല. (ചെട്ടിയാരാരാ മോന്‍!!).

വാങ്ങിയതിനുശേഷം മലയാളിയുടെ ജന്മസ്വഭാവമായ മിനുക്കുപണി മഹാരാജാവും ചെയ്തു, മനോഹരമായ ഈ അര്‍ദ്ധവൃത്താകൃതിയിലുള്ള മാളിക മുഴുവനായും വൃത്താകൃതിയിലാക്കുകയും മുന്നില്‍, അധികാരഛിഹ്നമായ "തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന ആനയുള്ള" ഗേറ്റും പിടിപ്പിച്ച്‌ അതിമനോഹരമാക്കി. അതിനു ശേഷം ഈ ബംഗ്ലാവ്‌ 'ഹാത്തിവാലി കോട്ടി' എന്നപേരില്‍ പ്രചാരം നേടുകയും ചെയ്തു.

1939, രണ്ടാം ലോകമഹായുദ്ധാരംഭകാലം വരെ ഈ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും മേല്‍നോട്ടം മഹാരാജാവ്‌ നേരിട്ട്‌ നടത്തുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍, ഈ സ്ഥലവും കെട്ടിടവും, ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം യുദ്ധാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുകയുണ്ടായി. അവരാണ്‌, ഇപ്പോഴവിടെ അവശേഷിച്ചുകാണുന്ന, കേരളാ ഹൗസിലെയും, ട്രവണ്‍കൂര്‍ ഹൗസിലെയും ചില ജോലിക്കാര്‍ താമസിക്കുന്ന ബി ബ്ലോക്കും, എ ബ്ലോക്കും (ഇപ്പോഴില്ല) പണികഴിപ്പിച്ചത്‌. കൂടാതെ കപൂര്‍ത്തല പ്ലോട്ടില്‍ അവര്‍ പട്ടാളക്കാര്‍ക്ക്‌ താമസിക്കുന്നതിനായി 17 ബാരക്കുകളും 48 ഹട്ട്മെന്റുകളും നിര്‍മ്മിച്ചിരുന്നു. അവയുടെ 'അവശിഷ്ടങ്ങള്‍' ഇപ്പോഴും അവിടെ കാണാവുന്നണ്‌.

ഈ കെട്ടിടവും സ്ഥലവും ഇന്ന്, "ഹെരിറ്റേജ്‌ ബില്‍ഡിംഗ്‌ ആക്ടില്‍" (ലൂട്ടിയന്‍ ബംഗ്ലാവ്‌ മേഖല) പെടുന്ന സ്ഥലമായതുകൊണ്ട്‌, നഗരവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാത്രമേ ഇനിയൊരു കൂട്ടിച്ചേര്‍ക്കലോ, പുതുക്കിപ്പണിയലോ സധ്യമാകൂ. ഇപ്പോഴുള്ള കെട്ടിടങ്ങളുടെ ഉയരത്തിനും, വലുപ്പത്തിനും അധികമായി മാറ്റങ്ങളനുവദനീയമല്ലെന്നുള്ളതാണ്‌ ഈ നിയമം. എങ്കിലും ഈ സ്ഥലത്ത്‌ വാസഗൃഹങ്ങള്‍ (ഹോസ്റ്റല്‍, കോര്‍ട്ടേഴ്സുകള്‍) പണിയുന്നതിന്‌ നിയമപരമായി തടസ്സമില്ല. എന്നാല്‍, ഇതുവരെ ഈ അവസരവും പ്രയോജനകരമാംവിധം വിനിയോഗിക്കാന്‍ നമ്മുടെ മാറി മാറി വന്ന കേരള സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ലെന്നത്‌ സങ്കടകരം തന്നെ.

യുദ്ധാനന്തരം ഈ സ്ഥലം വിട്ടുകിട്ടുന്നതിലേക്ക്‌ തിരുവിതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചെങ്കിലും നിയപരമായ നടപടിക്രമങ്ങളില്‍ കുടുങ്ങി 1946-ലാണ്‌ തിരുവിതാംകൂര്‍ രാജാവിന്‌ തിരിച്ചു കിട്ടുന്നത്‌.

രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം 1948 മുതല്‍ 1965-ല്‍ ചാണക്യപുരിയില്‍ സ്വന്തമായി എംബസി മന്ദിരം അനുവദിച്ചുകിട്ടുന്നതുവരെ സോവിയറ്റ്‌ എംബസി ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. സ്വാതന്ത്രലബ്ദിക്കുശേഷം കപൂര്‍ത്തല പ്ലോട്ട്‌ കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലാവുകയും, ദില്ലി സെക്യൂരിറ്റി പോലീസിന്‌ നല്‍കുകയും ചെയ്യുകയുണ്ടായി.

ഡോ. കെ.എന്‍.എസ്‌ നായര്‍, ശ്രീ കെ.ആര്‍.കെ. മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ന്യൂഡല്‍ഹി കേരളാ എഡ്യുക്കേഷന്‍ സൊസൈറ്റിക്ക്‌' കേരളാ സ്കൂളാരംഭിക്കുന്നതിന്‌ വേണ്ടി, പലതരം സമ്മര്‍ദ്ദങ്ങളുടെ ഫലമായി ദില്ലി പോലീസിന്റെ കൈവശമുണ്ടായിരുന്ന തിരുവിതാംകൂര്‍ രാജാവിന്റെ സ്ഥലമായ കപൂര്‍ത്തല പ്ലോട്ടില്‍ നിന്നു രണ്ടേകാലേക്കറോളം സൊസൈറ്റിക്ക്‌ വിട്ടുകൊടുക്കാന്‍ ഉത്തരവായി. അങ്ങിനെ ദില്ലിയിലാദ്യമായി മലയാളികള്‍ക്ക്‌ അവരുടേതായ ഒരുസ്കൂള്‍ തുടങ്ങാന്‍ സാധിച്ചു. ഈ സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു നിര്‍വ്വഹിച്ചത്‌. അന്നത്തെ ആ ചെറിയ കാല്‍വയ്പ്പിന്റെ ഫലമായി, ഇന്ന് ദില്ലിയുടെ പലഭാഗത്തും കേരള സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.

1965-ല്‍ സോവിയറ്റ്‌ എംബസി ഹാത്തീവാലി കോട്ടി ഒഴിഞ്ഞു കൊടുത്തതിനുശേഷം ഒരല്‍പകാലം ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ദില്ലി ഹൈക്കോടതിക്കായിരുന്നു. ഹൈക്കോടതി പട്ട്യാല ഹൗസിലേക്ക്‌ മാറിയപ്പോള്‍ ഒരല്‍പകാലം ഈ കെട്ടിടം ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്നു.

നിരന്തരമായ സമ്മര്‍ദ്ദങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായി 1973-ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കേരളാ സര്‍ക്കാറിനു കൈമാറുകയുണ്ടായി. എങ്കിലും, 1992-ല്‍, അതുവരെ ഈ കെട്ടിടത്തില്‍ വാടകയ്ക്ക്‌ കഴിഞ്ഞിരുന്ന എം.ആര്‍.ടി.പി. കമ്മീഷനും ഒഴിഞ്ഞുപോയതിനു ശേഷമായിരുന്നു, ഈ കെട്ടിടം കേരളാ സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണാധികാരത്തില്‍ വരുന്നത്‌.

1994 മുതല്‍ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക്‌ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറും, പിന്നെ ഈ കെട്ടിടം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന കെല്‍ട്രോണ്‍ എംപ്ലോയീസുമല്ലാതെ മാറ്റാരും, മറ്റൊരോഫീസും ഇവിടെ ഇല്ലായിരുന്നു (കെല്‍ട്രോണിന്റെ, ഉപയോഗശൂന്യമായ പല പാഴ്‌വസ്തുക്കളും സൂക്ഷിക്കുന്ന ഒരു ഗോഡൗണായിട്ടാണവരിന്നും ഈ കെട്ടിടത്തെ കാണുന്നത്‌).

1999-ന്‌ ശേഷം പലരുടെയും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി സര്‍ക്കാറുതന്നെ മുന്‍കൈ എടുത്ത്‌ അവശ്യമായ അറ്റകുറ്റപണികള്‍ ചെയ്ത്‌ ഈ ബംഗ്ലാവിനെ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ നിന്നും രക്ഷിച്ചു ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്‌.

2005 മുതല്‍ അന്നത്തെ Add.Secretary(Retd.) ശ്രീ. എന്‍. ആര്‍. രാജുവിന്റെ നേതൃത്വത്തില്‍ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഉപയോഗശൂന്യമായികിടന്നിരുന്ന സ്ഥലത്ത്‌ ഒരു ആര്‍ട്ട്ഗാലറി പ്രവത്തിപ്പിക്കുന്നതിന്റെയും, ആ സ്ഥലം എക്സ്ബിഷനാവശ്യങ്ങള്‍ക്കായി വാടകയ്ക്ക്‌ കൊടുക്കാനുള്ള പദ്ധതി തയ്യാറാക്കി. അതിനും പല തടസ്സങ്ങളും ആദ്യകാലങ്ങളിലുണ്ടായെങ്കിലും, ഇന്നത്‌ ദില്ലിയിലെ, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാര്‍ട്ട്ഗാലറിയായി അറിയപ്പെടുന്നു. 2008 ഏപ്രില്‍ വരെയുള്ള ബുക്കിംഗ്‌ 2007 മെയ്‌ മാസത്തില്‍ കഴിഞ്ഞിരുന്നു എന്ന് പറഞ്ഞാല്‍ ഇതിന്റെ ഇന്നുള്ള പ്രാധാന്യം മാന്യവായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുമെന്നെ കരുതട്ടെ. കൂടാതെ സ്പോണ്‍സര്‍ഷിപ്പിനത്തിലും വാടകയിനത്തിലും 25 ലക്ഷത്തോളം രൂപ ഇത്ര ചെറിയ കാലയളവില്‍ സമ്പാദിച്ച്കൊടുക്കാനും ഈ സംരഭത്തിനു കഴിഞ്ഞിരിക്കുന്നു എന്നുള്ളത്‌ അഭിനന്ദനാര്‍ഹമാണ്‌. എങ്കിലും മേലാളന്മാരുടെ കണ്ണുതുറന്നിട്ടില്ല. ഈ പൈസപോലും അവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിക്കുല്ലെന്നുള്ളതാണ്‌ പരമാര്‍ത്ഥം.

കപൂര്‍ത്തല പ്ലോട്ടിന്റെ, കേരളാ സ്കൂളിന്‌ വേണ്ടി ദില്ലി സെക്യൂരിറ്റി പോലീസിന്റെ കൈയ്യില്‍ നിന്നും വിട്ടുകിട്ടിയതില്‍, ബാക്കി സ്ഥലവും കൂടി വിട്ടുകിട്ടുന്നതിന്‌ വേണ്ടി സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ദില്ലി പോലീസ്‌ ഈ സ്ഥലത്ത്‌ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ല എന്നും 1993നു മുന്‍പ്‌ ഈ സ്ഥലം കേരളാ സര്‍ക്കാറിന്‌ വിട്ടുകൊടുക്കണമെന്നുമുള്ള ഉത്തരവ്‌ (1990-ല്‍) സമ്പാദിക്കാന്‍ കഴിഞ്ഞു. ഈ നിര്‍ണ്ണായകവിധി പ്രകാരം 1993 മെയ്‌ മാസത്തില്‍ ദില്ലിപോലീസ്‌ ഈ സ്ഥലവും അതിനകത്തുണ്ടായിരുന്ന മരങ്ങളും (ഏകദേശം 100-ഓളം) ദില്ലി ലാന്‍ഡ്‌ ഡവലപ്പ്മെന്റ്‌ കമ്മീഷണര്‍ മുഖാന്തിരം, ബ്രിട്ടീഷുകാര്‍ യുദ്ധാവശ്യങ്ങള്‍ക്കായി പണിത ബാരക്കുകള്‍ക്ക്‌ കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പ്‌ നിശ്ചയിക്കുന്ന വിലനല്‍കണമെന്നും, ഈ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന മരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്നും, ലാന്‍ഡ്‌ & ഡവലപ്പ്മെന്റ്‌ കമ്മീഷണറുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ മരങ്ങള്‍ മുറിക്കരുതെന്നും വ്യവസ്ഥ ചെയ്തുകൊണ്ട്‌ റസിഡന്റ്‌ കമ്മീഷണര്‍ക്ക്‌ കൈമാറുകയും ചെയ്തു.

Sunday, January 20, 2008

ചില ചിതറിയ ചിന്തകള്‍ - ‍മനസ്സിലെ മുറിവ്‌.

മനസ്സിലെ മുറിവ്‌. ഒരു ചെറിയ ചോദ്യം

എനിക്കൊരസുഖമുണ്ട്‌, അതെനിക്കല്ലാതെ ആര്‍ക്കാണാദ്യം അറിയുക? അതെപറ്റി എനിക്കല്ലാതെ ആര്‍ക്കാണ്‌ ഏറ്റവും നന്നായി അറിയാന്‍ കഴിയുക?

ശരീരത്തിനു പുറത്തുള്ള, മുറിവാണെങ്കില്‍, മറ്റൊരാള്‍ക്കത്‌ കണ്ടുപിടിക്കാം. പുറത്തുള്ള മുറിവ്‌ നന്നായി കഴുകി വൃത്തിയാക്കി മരുന്ന്പുരട്ടി ഉണക്കാം.

എന്നാല്‍ അത്‌ മനസ്സിനകത്തുള്ള ഒരു മുറിവാണെങ്കില്‍ എന്തുചെയ്യും?

എന്റെ മനസ്സ്‌ ഏറ്റവും നന്നായി അറിയുന്നത്‌ എനിക്കല്ലാതെ മറ്റാര്‍ക്കാണ്‌. അന്യനൊരാള്‍ക്ക്‌ എന്റെ മനസ്സിലെ മുറിവ്‌ കഴുകാനോ മരുന്നു പുരട്ടാനോ സഹായിക്കാന്‍ (ഒരു പരിധിക്കപ്പുറം) കഴിയില്ല.

മനസ്സിനെ എങ്ങിനെ കഴുകി മരുന്നു പുരട്ടി, മുറിവുണക്കി എടുക്കും?

ഈ മുറിവ്‌ എത്ര ആഴത്തിലുള്ളതാണെന്ന്‌ എങ്ങിനെ അറിയും?

എങ്ങിനെ, എന്തുചെയ്യണം?
************

സമയം
ഓഹ്‌.... ഒന്നിനും സമയം തികയുന്നില്ല! എന്റെ ഒരു പണിയും സമയത്ത്തീര്‍ക്കാന്‍ സാധിക്കുന്നില്ല. നീയിതെങ്ങനെ എല്ലാം കൃത്യമായി ചെയ്തുതീര്‍ക്കുന്നു?

എന്ത്‌? സമയം തികയുന്നില്ലെന്നോ...? നിനക്കുള്ളതിനെക്കാള്‍ ഒട്ടും തന്നെ കൂടുതല്‍ സമയം എനിക്കില്ല.

ജനനം മുതല്‍ മരണം വരെ, സമയം, നമ്മുടെ കൂടെ നിഴലു പോലെയുണ്ട്‌. നമ്മുടെ ഒരുകാര്യത്തിലും ഇടപെടില്ല, സഹായമില്ല എന്നാല്‍ ഉപദ്രവമൊട്ടുമില്ല, പലപ്പോഴും നമുക്ക്‌ അങ്ങിനെ തോന്നുന്നുവെങ്കിലും.

സമയത്തെ തടഞ്ഞുനിര്‍ത്താനോ, വേഗം നടത്താനൊ സാധിക്കില്ല.

സമയമങ്ങിനെ തെന്നിനീങ്ങുന്നു. സമയ സൂചികയിലെ നിമിഷസൂചി പോലെ. ഒരു മാത്ര പോലും വിശ്രമമില്ലാതെ, ഒരു ചുവടുപോലും പിഴയ്ക്കാതെ. ഒരു വിട്ടുവീഴ്ചയുമില്ലാതെ.ഇതിനിടയില്‍, നമുക്കാവശ്യമുള്ള സമയം നാം തന്നെ കണ്ടെത്തേണ്ടതുണ്ട്‌.

നഷ്ടപ്പെടുന്ന ഒരുനിമിഷം പോലും തിരിച്ചു കിട്ടില്ലെന്ന അറിവോടെ......!!!!

Monday, January 14, 2008

ദില്ലി വിശേഷങ്ങള്‍ - ദില്ലിയിലെ കേരളാ ഹൗസ്‌ (ചരിത്രം),

കേരള സര്‍ക്കാറിന്റെ ദില്ലിയിലുള്ള ഔദ്യോഗിക വസതിയായിട്ടാണ്‌ ജന്തര്‍ മന്ദിര്‍ റോഡിലുള്ള "കേരളാ ഹൗസ്‌ " അറിയപ്പെടുന്നത്. സാമൂഹ്യ സാംസ്കാരിക രാഷ്ടീയ പ്രമുഖര്‍ ഒത്തുകൂടാറുള്ള കേരളാ ഹൗസ്‌ ദില്ലി മലയാളികളുടെ ശ്രദ്ധാകേന്ദ്രമാണ്.

ഒന്നാം സ്വാതന്ത്രസമരത്തിന് ശേഷം, വിശാലമായ ഇന്ത്യാരാജ്യത്തിന്‍റെ വടക്കു കിഴക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കത്ത തലസ്ഥാനമായിരിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നെന്ന് കണ്ട്, രാജ്യത്തിന്‍റെ മധ്യഭാഗത്തെവിടേക്കെങ്കിലും തലസ്ഥാനം മാറുന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍നടക്കുകയും, 12ആം നൂറ്റാണ്ട് മുതല്‍ മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ദില്ലിയിലേക്ക് ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.

ലോര്‍ഡ് ഹാര്‍ഡിഗ് വൈസ്രോയിയായിരുന്ന (1910-1916) കാലത്ത് 1911 ഡിസംബര്‍ 12ന്‍ എഡ്വേര്‍ഡ് ഏഴാമന്‍റെ കിരീടധാരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍നിന്നും ദില്ലിയിലേക്ക് മാറ്റുന്നതായി ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് പ്രഖ്യാപിച്ചു. ഇതിനേത്തുടര്‍ന്ന് ഒരു നഗരാസൂത്രണ സമിതി രൂപീകരിക്കപ്പെട്ടു.

പഴയ ദില്ലിയില്‍ (Old Delhi-റെഡ് ഫോര്‍ട്ടും മറ്റും സ്ഥിതിചെയ്യുന്ന സ്ഥലം)നിന്നും 6 കിലോമീറ്ററോളം തെക്ക് മാറി 2800 ഏക്കറോളം സ്ഥലം ഇതിലേക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും വൈസ്രോയിയുടെ ബംഗ്ലാവും സെക്രട്ടറിയേറ്റും അതിനോടനുബന്ധിച്ച കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

നഗരനിര്‍മ്മാണത്തിന്‍റെ തലപ്പത്ത് സര്‍ എഡ്വിന്‍ അല്യൂട്ടിയെനെന്ന ബില്‍ഡിംഗ് നിര്‍മ്മാണ മേഖലയിലെ പ്രതിഭയെ നിയമിക്കുകയും, അദ്ദേഹത്തോട് ഒരു വിശദമായ പ്ലാന്‍ തയ്യാറാക്കാനവശ്യപ്പെടുകയും ചെയ്തു. കെട്ടിടങ്ങളുടെ ഡിസൈന്‍ തയ്യാറാക്കിയ സര്‍ ഹെബര്‍ട്ട് ബേക്കറുടെ സഹായത്തോടെ അവര്‍ ന്യൂ ഡല്‍ഹി എന്ന മഹാനഗരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാരംഭിച്ചു.

ഏകദേശം 20 വര്‍ഷത്തെ (1931ലാണിതിന്‍റെ മുഴുവന്‍ പണിയും കഴിഞ്ഞത്) അശ്രാന്തപരിശ്രമം കൊണ്ട്, രാഷ്ട്രപതിഭവനും, സെക്രട്ടറിയേറ്റും ഉള്‍പ്പെടെ 112ഓളം ബംഗ്ലാവുകളോടുകൂടിയ അതിമനോഹരമായ ന്യൂ ഡല്‍ഹിയെന്ന നഗരം പണികഴിപ്പിച്ചു.

പാക്കിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന ലാഹോറില്‍, ബ്രിട്ടീഷ് സര്‍ക്കാറിന്‌ വേണ്ടി കരാര്‍പണികള്‍ (കെട്ടിട നിര്‍മ്മാണവും മറ്റും) ചെയ്തിരുന്ന ഒരു സര്‍ദാര്‍കുടുംബമായിരുന്നു സര്‍ദാര്‍ സുയാന്‍ സിംഗിന്‍റേത്. 1911ല്‍ ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ളതീരുമാനം സുയാന്‍ സിംഗും കുടുംബവും ദില്ലിയിലേക്ക് ചേക്കേറാന്‍ കാരണമായി. സിയാന്‍ സിഗും മകന്‍ ശോഭന്‍ സിഗും കുറെ സര്‍ദാര്‍മാരെയും മുസ്ളീമുകളെയും കൊണ്ടായിരുന്നു ദില്ലിയിലേക്ക് വന്നത് (പ്രശസ്ത സാഹിത്യകാരന്‍ ശ്രീ കുഷ്‌വന്ത് സിംഗിന്‍റെ അഛനാണ്, സുയാന്‍ സിംഗിന്‍റെ മകനും, സഹായിയുമായിരുന്ന ശോഭാസിംഗ്).

പണ്ട് കനോട്ട് സിറ്റി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കനോട്ട് സര്‍ക്കസിലുള്ള പഴയ കെട്ടിടങ്ങളും, റീഗല്‍ ബില്‍ഡിംഗും, ഇന്ത്യാ ഗേറ്റ്, സൌത്ത് ബ്ലോക്ക്, പട്യാല ഹൗസ്‌, ദില്ലി ഹൈക്കോടതി, നാഷണല്‍ മ്യൂസിയം, കരോള്‍ബാഗിലെയും, ലാജ്പത് നഗറിലെയും ചില കെട്ടിടങ്ങള്‍ തുടങ്ങി പല പ്രമുഖ കെട്ടിടങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സിയാന്‍ സിംഗും മകന്‍ ശോഭാ സിംഗും പങ്കാളികളായിരുന്നു.

പണിനടക്കുമ്പോള്‍ പോയിവരാനുള്ള സൌകര്യം കണക്കിലെടുത്ത് സുയാന്‍ സിംഗ് ജന്തര്‍ മന്ദിര്‍ റോഡിലുള്ള ഇപ്പോള്‍ കേരളാ ഹൗസ്‌ നില്‍ക്കുന്ന സ്ഥലവും വീടും വാങ്ങുകയായിരുന്നു. ഇവരുടെ കൂടെ ജോലിക്കായിവന്നവര്‍ കനോട്പ്ലേസിലും, കര്‍സണ്‍ റോഡിലും സെക്രട്ടറിയേറ്റിനു ചുറ്റുമായി താമസിച്ചു.

നഗരത്തിന്‍റെ പണി ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ഒന്നാം ലോകമഹായുദ്ധമാരംഭിക്കുന്നത്. അതോടെ ലാഹോറില്‍ നിന്നും അതു പോലെ മറ്റു പലയിടങ്ങളില്‍ നിന്നും കരാറുപണിക്കായി വന്നവരില്‍ ഭൂരിഭാഗംപേരും തിരിച്ചു അവരവരുടെ നാടുകളിലേക്ക് തന്നെ പോവുകയും താല്‍കാലികമായെങ്കിലും നഗരവിപുലീകരണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തു.

എന്നാല്‍ യുദ്ധാന്തരം കാലാവസ്ഥ ശാന്തമായപ്പോള്‍ അവരെല്ലാം തന്നെ തിരിച്ചുവരികയും പഴയകെട്ടിടങ്ങള്‍ പുതുക്കിപണിത് താമസമാരംഭിക്കുകയും ചെയ്തു.

അങ്ങിനെയാണ്‌ 3, ജന്തര്‍ മന്ദിറിലുണ്ടായിരുന്ന തന്റെ വീടും പുതുക്കി പണിത് സുയാന്‍ സിഗും കുടുംബവും താമസമാരംഭിക്കുന്നത്. പുതുക്കിപ്പണിത ഈ വീടിന്റെ പേര്‍ "വൈകുണ്ഠ" എന്നായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്‌ ശേഷം നാശമായികിടന്നിരുന്ന ന്യൂഡല്‍ഹി ഏരിയ പുതുക്കി എടുക്കുന്നതിന്റെ ഭാഗമായി, സുയാന്‍ സിംഗിന്റെ കൂടെ വന്ന ജോലിക്കാര്‍ക്ക്‌ താമസിക്കാന്‍ പ്രത്യേക കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രഭു വെല്ലിംഗ്ടണ്‍ അനുവാദം കൊടുത്തു. അങ്ങിനെ സുയാന്‍ സിംഗും സംഘവും നിര്‍മ്മിച്ച പല കെട്ടിടങ്ങളും കൂടെ വന്നവര്‍ക്ക്‌ താമസിക്കാന്‍ കൊടുക്കുകയും, ചിലത്‌ സ്വന്തം കൈവശം വയ്ക്കുകയും ചെയ്തു. കരാര്‍ പണിയുടെ പുറമെയുണ്ടായ ഈ അധികചിലവ്‌ മൂലം പണിയുടെകാര്യത്തില്‍ പണത്തിന്‌ ക്ഷാമം വന്നപ്പോള്‍ ഉള്ളതില്‍ വച്ചേറ്റവും ചെറിയ കെട്ടിടമായ സ്വന്തം താമസസ്ഥലം "വൈകുണ്ഠ" വില്‍ക്കുന്നതിനെകുറിച്ച്‌ സുയാന്‍ സിംഗ്‌ മകന്‍ ശോഭാസിംഗുമായി സംസാരിച്ചു.

പണ്ടാര റോഡ്സൈഡിലൊരിടത്ത്‌ വാടകയ്ക്ക്‌ താമസിച്ചുകൊണ്ടിരുന്ന കൊച്ചിരാജാവും, തിരുവിതാംകൂര്‍ രാജാവും ദില്ലിയില്‍ സ്വന്താമായി സ്ഥലം വാങ്ങാന്‍ ഒരുക്കംകൂട്ടുന്ന സമയമായിരുന്നു ഇത്‌. കൊച്ചി രാജാവിന്റെ ദിവാനായിരുന്ന ഷണ്മുഖം ചെട്ടി വൈകുണ്ഠ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ വിവരം രാജാവിനെ അറിയിക്കുകയും തുടര്‍ന്ന് ശോഭാസിംഗും സുയാന്‍ സിംഗുമായി സംസാരിച്ച്‌ കാര്യങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പണത്തിന്റെ അത്യാവശ്യം കൊണ്ട്‌ മൂന്നേക്കര്‍ ഭൂമിയും ആ വലിയ കെട്ടിടവും ഒന്നരലക്ഷം രൂപയ്ക്ക്‌ സുയാന്‍ സിംഗ്‌ കൊച്ചിരാജാവിന്‌ കൈമാറുകയായിരുന്നു.

ഇതു പോലെ തന്നെ ഷണ്മുഖം ചെട്ടിയാരുടെ ഇടനിലയിലായിരുന്നു തിരുവിതാംകൂര്‍ രാജാവിന്‌ കപൂര്‍ത്തല പ്ലോട്ടെന്നറിയപ്പെടുന്ന ഇന്നത്തെ 'ട്രവണ്‍കൂര്‍ ഹൗസും' അതിനോട്‌ ചേര്‍ന്ന്കിടക്കുന്ന 12 ഏക്കറോളം വരുന്ന സ്ഥലവും വാങ്ങാന്‍ സാധിക്കുന്നത്‌. അതിനെ കുറിച്ച്‌ മറ്റൊരു പോസ്റ്റിലെഴുതാം.

വൈകുണ്ഠ വാങ്ങിയതിന്‌ ശേഷം ചെട്ടിയാരുടെ ഉപദേശപ്രകാരം കൊച്ചിരാജാവ്‌ പുതിയ സ്ഥലത്തിന്‌ അല്‍പം കൂടി പുതുക്കി ഒരു ചുറ്റുമതിലും ആനയുടെ എംബ്ലത്തോടുകൂടിയ ഗേറ്റും, ഭടന്മാര്‍ക്ക്‌ താമസിക്കാന്‍ രണ്ടുനിര കെട്ടിടങ്ങളും ഒരു കുതിരാലയവും നിര്‍മ്മിച്ചു.

രാജഭരണത്തിനു ശേഷം, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട്‌ പോയതിന്‌ ശേഷം, ജനകീയ ഭരണമാരംഭിച്ചപ്പോള്‍, കൊച്ചി രാജാവ്‌ വാങ്ങിയതോടെ വൈകുണ്ഠ എന്ന 3, ജന്തര്‍മന്ദിറില്‍ നിന്നും കൊച്ചിഭവനായി, പിന്നീട്‌ കൊച്ചിന്‍ ഹൗസ്‌ എന്നും ഇപ്പോള്‍ കേരളാ ഹൗസ്‌ എന്നും അറിയപ്പെടുന്ന കെട്ടിടവും സ്ഥലവും, കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാറിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയായി പ്രഖ്യാപിക്കുകയും ചെയ്തു. കേരള ഹൗസിനിന്നുകാണുന്ന രൂപഭംഗി 2000ത്തിന്‌ ശേഷം പണികഴിപ്പിച്ചാതാണ്‌.

മറ്റെല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കുമുള്ളതു പോലെ കേരളാ സര്‍ക്കാറിനുള്ള ഈ ഔദ്യോഗിക വസതി അതിന്റേതായ പ്രാധാന്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നില്ല എന്നത്‌ വളരെ ഖേദകരമായ ഒരു വസ്തുതയാണ്‌. രാഷ്ട്രീയക്കാരുടെയും, ഉപജാപക സംഘങ്ങളുടെയും ഒരു ഗസ്റ്റ്‌ ഹൗസ്‌ എന്ന നിലയിലേക്ക്‌ ഈ സര്‍ക്കാര്‍ മന്ദിരം തരം താണു പോകുന്നില്ലേ എന്ന ഒരു സംശയം ദില്ലി മലയാളികളുടെ മനസില്‍ വേദനജനിപ്പിക്കുന്നു.

=======================================================

കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ഇവിടെയും, ഇവിടെയും, ഇവിടെയും ലഭിക്കും.

ഈ കുറിപ്പ് തയ്യാറാക്കാനവശ്യമായ വിവരങ്ങള്‍ നല്കി സഹായിച്ച Mr A.R. Raju, Add.Secretary(Retd.) Travancore House, Mr Gopalan,Travancore House, കേരളാ ഹൗസിലെ ചില ജോലിക്കാര്‍ എന്നിവര്‍ക്കുള്ള എന്‍റെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.